കോതമംഗലം : ഇരു വൃക്കകളും തകരാരിലായി ഒന്നരാടം ദിവസം ഡയാലിസിസിന് വിധേയനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കാഞ്ഞിരക്കാട്ടിൽ സേതുവിന് ചികിത്സാസഹായം നൽകുവാനായി പോയ സേവാഭാരതി പ്രവർത്തകരോട്,
തനിക്കും ഭാര്യക്കും കുഞ്ഞുങ്ങൾക്കും കയറികിടക്കാൻ അടച്ചുറപ്പുള്ളൊരു ചെറിയ വീട് വക്കണമെന്നുണ്ട്, അതൊരു ആഗ്രഹമാണ് എനിക്കിനിയതിന് സാധിക്കുമോ എന്നറിയില്ല എന്ന നിസ്സഹായാവസ്ഥയിൽ പറഞ്ഞ വാക്കുകൾ… ആ ആഗ്രഹമെങ്ങനെയും നിറവേറ്റി നൽകണമെന്ന നിച്ഛയദാർഢ്യത്തോടെ സേവാഭാരതി പ്രവർത്തകർ ഇറങ്ങി തിരിക്കുകയായിരുന്നു.
അപ്പോഴാണ് സേവാഭാരതിയും- ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടത്തിവരുന്ന തലചായ്ക്കാനൊരിടം പദ്ധതി വരുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി നവംബർ മാസത്തിൽ വീടിന്റെ ശിലാസ്ഥാപനകർമ്മത്തോടെ തുടക്കം കുറിച്ച്, ഘട്ടം ഘട്ടമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് സേതു വിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി നൽകുകയായിരുന്നു.
പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് റിട്ട: പ്രൊഫ: ഇ വി നാരായണൻ താക്കോൽ ദാന കർമ്മം നിർവഹിച്ചു. സേവാ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ബി രാജീവ് മംഗള പത്രം കൈമാറി, ദക്ഷിണ കേരളം പരിസ്ഥിതി സംരക്ഷണ വിഭാഗം സംയോജക് എ കെ സനൻ സേവാ സന്ദേശം നൽകി. പഞ്ചായത്ത് സമിതി പ്രസിഡന്റ് എം കെ നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് നാരായണൻ സ്വാഗതവും പി ജി വിജയൻ നന്ദിയും രേഖപ്പെടുത്തി.
