കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തിന്റെ വികസനത്തിന് തടസം സംസ്ഥാന സര്‍ക്കാരും വനം വകുപ്പുമാണെന്നാണ് എംപി ആരോപിക്കുന്നത്.ദേശീയ പാതയുടെ പേര് പോലും മന്ത്രിമാര്‍ തെറ്റായാണ് ഉപയോഗിച്ചത്. പൂര്‍ണ്ണമായും റവന്യൂ പുറമ്പോക്കായി 30 മീറ്റര്‍ വീതിയില്‍ ആണ് ദേശീയ പാത 85 കടന്നു പോകുന്നത്. വനം വകുപ്പിന് യാതൊരു അവകാശവുമില്ലാത്ത നേര്യമംഗലം മുതല്‍ പള്ളിവാസല്‍ വരെയും ഇതേ നിലയില്‍ ആണ് വീതി നിലനില്‍ക്കുന്നത്.
ഇക്കാര്യം മറച്ചു വച്ചാണ് വനം വകുപ്പ് ഈ റോഡില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും മലയാറ്റൂര്‍ – ഇടിയറ റിസര്‍വിന്റെ ഭാഗമായിട്ടുള്ളതാണ് ഈ റോഡ് എന്നുള്ളത് അനാവശ്യമായ അവകാശവാദമാണ്. സ്വകാര്യ വ്യക്തിയുടെ ഹര്‍ജിയെ തുടര്‍ന്ന് 11/7/2025 ല്‍ വന്ന ഇടക്കാല ഉത്തരവ് പ്രകാരം റോഡ് നിര്‍മ്മാണം നിര്‍ത്തി വെച്ചത് വനം വകുപ്പ് ആഗ്രഹിച്ചതു പോലെ തന്നെയായിരുന്നു. വനം വകുപ്പിനും, ജലവിഭവ വകുപ്പിനും യാതൊരു അധികാരവുമില്ലാത്ത ഒരു കാര്യത്തിന് അനാവശ്യമായി കൈകടത്തി പ്രഹസന നാടകം നടത്താതെ രണ്ടു മന്ത്രിമാരും ചേര്‍ന്ന് ഉണ്ടാക്കിയ പ്രതിസന്ധിയുടെ പേരില്‍ മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടു.
