കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ എം.എ എൻജിനീയറിംഗ് കോളേജിൽ ആരംഭിച്ചു. ഐ ട്രിപ്പിൾ ഇ സ്റ്റുഡൻ്റസ് ചാപ്റ്റർ തുടർച്ചയായി ആറാമത്തെ തവണ നടത്തുന്നതാണ് ഹാക്കത്തോൺ മത്സരം, ഇന്നോപോളിസ് ബയോ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ ഷാനവാസ് ബാവു ഉദ്ഘാടനം ചെയ്തു. വ്യവസായീക മേഖലകളിലെ പ്രശ്ന പരിഹാരത്തിനു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത്തരം ഹാക്കത്തോണുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ നടത്തപ്പെടുന്ന ഹാക്കത്തോൺ, പ്രാരംഭ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം മത്സരാർത്ഥികളിൽ നിന്ന് നാൽപ്പത് ടീമുകളെയാണ് കോളേജിൽ വച്ച് നടക്കുന്ന മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.
‘’കേരള റീഇമാജിൻഡ് ‘ എന്ന മുഖ്യ പ്രമേയം ആസ്പദമാക്കി ഏഴ് ട്രാക്കുകളിൽ ആയി ആണ് ഈ മത്സരം നടത്തുന്നത്. വ്യാവസായിക രംഗത്തുള്ള ഉപദേഷ്ടാക്കളുടെ മാർഗ നിർദ്ദേശത്തോടെ ടീമുകൾ നൂതനമായ ആശയങ്ങളും പരിഹാരങ്ങളും കണ്ടു പിടിക്കും. ഉദ്ഘാടന യോഗത്തിൽ എം.എ എൻജിനീയറിംഗ് കോളേജ് പ്രൻസിപ്പൾ ഡോ. ബോസ് മാത്യു ജോസ്, വേൾഡ് മലയാളി കൗൺസിൽ യൂത്ത് വിങ് പ്രസിഡൻ്റ അഡ്വ. ഫെലിക്സ് ജോണി കുരുവിള, ഐ ട്രിപ്പിൾ ഈ ബ്രാഞ്ച് കൗൺസിലർ പ്രഫ. നീതു സലീം, സ്റ്റുഡൻ്റ് ബ്രാഞ്ച് ചെയർ പ്രണവ് വിനോയ്, പ്രോഗ്രാം ലീഡ്സ് നന്ദന ജോളി, നേഹ സേവി എന്നിവർ സംസാരിച്ചു. മുഖ്യ സ്പോൺസർമാരായ വേൾഡ് മലയാളി കൗൺസിൽ, ഇന്നോവച്ചേർ , കീ വാല്യു, ഓർക്കസ്, എം.ബി.എം.എം ഹോസ്പിറ്റൽ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. യുവതലമുറയെ നേർവഴിയിലൂടെ കൊണ്ടു പോകാൻ ഡോട്ട് ഹാക്ക് പോലുള്ള ക്രിയാത്മക പരിപാടികൾ സർവ്വയിടത്തും നടത്തപ്പെടേണ്ടതുണ്ട് എന്ന് വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികൾ അറിയിച്ചു.
