കോതമംഗലം: പൂയംകുട്ടിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ചത്തൊടുങ്ങിയ ആനകളുടെ എണ്ണം പെരുകുന്നു. ഇന്നലെ വൈകിട്ട് ഒരു ആനയുടെ കൂടി ജഡം പുഴയിൽ കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പൂയംകുട്ടി വനമേഖലയിൽ കണ്ടെത്തുന്ന ആറാമത്തെ ആനയുടെ ജഡമാണിത്. കണ്ടമ്പാറ ഭാഗത്താണ് ആനയുടെ ഒഴുകിയെത്തിയ അഴുകിയ ജഡം മരത്തിൽ തങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്. പിടിയാനയാണെന്ന് സംശയിക്കുന്നു.വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. മൂന്നെണ്ണത്തെ പുഴയിലും ഒരെണ്ണത്തെ വനത്തിലുമാണ് കണ്ടത്. മറ്റൊരെണ്ണം പുഴയിലൂടെ ഒഴുകി ചെറായിക്ക് സമീപം കടൽത്തീരത്തും അടിഞ്ഞു. പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളിൽ ഒരുമിച്ച് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ആനകളുടെ ജഡങ്ങളാണ് പലപ്പോഴായി പലയിടങ്ങളിൽ കണ്ടെത്തിയത്.
