കോതമംഗലം :ഐ. എം. എ. ശൈശവ കൗമാര ആരോഗ്യ കമ്മിറ്റിയുടെ സംസ്ഥാന തല പൊതുപരിപാടി, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ, യെൽദൊ മാർ ബസേലിയോസ് കോളേജ് ജ്വാല ക്ലബ്ബിന്റെയും ലയൺസ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്ററിൻറെയും ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. ആദിവാസി മേഖലകളില്‍ നിന്നുള്ള 120 കുട്ടികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം. എൽ. എ. യും, സെമിനാര്‍ ഐ. എം. എ. ശൈശവ കൗമാര ആരോഗ്യ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. ആര്‍. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. ലിസ തോമസ് സ്വാഗതം പറഞ്ഞു. ഐ. എം. എ. മയക്കുമരുന്ന് നിർമ്മാർജ്ജനകമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. എം. എൻ. വെങ്കിടേശ്വരൻ, ഐ. എം. എ. കോതമംഗലം ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ബേബി മാത്യു അറമ്പൻകുടിയിൽ, ടി. ഡി. ഒ. ഓഫീസ് പ്രതിനിധി ശ്രീധരന്‍, ജ്വാല ക്ലബ് പ്രസിഡന്റ് നൂറ എ. എൻ., ലയൺസ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്റർ പ്രസിഡന്റ് റെബി ജോർജ്ജ്, ലയൺസ് ക്ലബ് സോൺ ചെയർമാൻ ഡിജിൽ സെബാസ്റ്റ്യന്‍, ലയൺസ് ക്ലബ് റീജണല്‍ ചെയർമാൻ കെ. സി. മാത്യൂസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കാഴ്ച കുറവുള്ള കുട്ടികള്‍ക്ക് കോതമംഗലം നയനം ഒപ്റ്റിക്കൽസ് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിന് മുന്നോട്ടു വന്ന കോതമംഗലം നയനം ഒപ്റ്റിക്കൽസ്ഉടമ സണ്ണിയെ മീറ്റിംഗിൽ അനുമോദിച്ചു.
കൺസൾറ്റൻറ് പീഡിയാട്രീഷ്യൻ ഡോ. ലിസ തോമസ്, കൺസൾറ്റൻറ് ഗൈനക്കോളജിസ്റ്റ് ഡോ. സിനി ഐസക്, കൺസൾറ്റൻറ് ഫിസിഷ്യൻ ഡോ. മുനീര്‍ പി. കരീം, ജനറല്‍ ഫിസിഷ്യൻമാരായ ഡോ. ബിസ്മ ബിനോയ്, ഡോ. ഫാത്തിമത്തുൾ സുഹറ എന്നിവര്‍ കുട്ടികളെ പരിശോധിച്ചു. അഹാലിയ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പും, സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിന്റെ ദന്തപരിശോധനാ ക്യാമ്പും നടന്നു. കുട്ടികളുടെ വിളർച്ച പരിശോധന നടത്തുകയും വിരമരുന്നും അയൺ സപ്ലിമെന്റ്സും വിതരണം ചെയ്യുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്, ഐ. എം. എ. മയക്കുമരുന്ന് നിർമ്മാർജ്ജനകമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. എം. എൻ. വെങ്കിടേശ്വരന്‍, മയക്കുമരുന്ന് ഉപയോഗത്തിന്റെ നിയമവശങ്ങളെക്കുറിച്ച്, കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് പാനല്‍ ലോയർ അഡ്വ. കെ. രാധാകൃഷ്ണൻ, ശരിയായ മാലിന്യവിസർജ്ജനത്തെക്കുറിച്ച് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ് പ്രൊഫ. ബൈബിൻ പോൾ, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് ജനറല്‍ ഫിസിഷ്യൻ ഡോ. ബിസ്മ ബിനോയ്, നല്ല സ്പർശനം ചീത്ത സ്പർശനം എന്ന വിഷയത്തെക്കുറിച്ച് ജനറല്‍ ഫിസിഷ്യൻ ഡോ. ഫാത്തിമത്തുൾ സുഹറ എന്നിവര്‍ ക്ലാസ്സ് നയിച്ചു. കുട്ടികൾക്കായി പ്രഥമ ശുശ്രൂഷയെക്കുറിച്ചും അടിയന്തര ജീവന്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും കൺസൾറ്റൻറ് ഫിസിഷ്യൻ ഡോ. മുനീര്‍ പി. കരീം വിശദീകരിച്ചു.
ഐ. എം. എ. കോതമംഗലം ബ്രാഞ്ച് സെക്രട്ടറി ഡോ. സിനി ഐസക് നന്ദി പറഞ്ഞു.
