കോതമംഗലം: കോതമംഗലം താലൂക്കിലെ ആറു പഞ്ചായത്തുകളിലും കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷം. കുട്ടമ്പുഴ, കീരമ്പാറ, പിണ്ടിമന, കോട്ടപ്പടി, പൈങ്ങോട്ടൂർ, കവളങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് ശല്യം രൂക്ഷം.വാഴ, പൈനാപ്പിൾ, കപ്പ തുടങ്ങിയ കാർഷിക വിളകളാണ് ആനയുടെ ആക്രമണത്തിൽ നശിക്കുന്നത്. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെയും ആക്രമണങ്ങളുണ്ടാകുന്നുണ്ട്. കൈയാലകളും മതിലുകളും തകർക്കുന്നതുവഴിയുള്ള നഷ്ടം വേറെ. വനത്തിൽ നിന്ന് ആറ് കിലോമീറ്ററുകൾ അകലെവരെയുള്ള ജനവാസമേഖലകളിൽ പോലും ആനകൾ കടന്നുകയറുന്നു. മുമ്പ് രാത്രി മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ സന്ധ്യയാകും മുമ്പും നേരം പുലർന്നശേഷവും ആനകളെ നാട്ടിൽ കാണാം. ഓരോ ദിവസവും ആനകളെത്തുന്ന ദൂരവും പ്രദേശങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.കർഷകരുടെ നിസംഗതയും നഷ്ടപരിഹാരത്തിലെ അലംഭാവവുംനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പലരും ഇപ്പോൾ പുറത്തുപറയാൻ പോലും മടിക്കുകയാണ്. കേൾക്കാനോ പരിഹരിക്കാനോ ആളില്ലാത്ത അവസ്ഥ.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പോലും നൽകാൻ പലർക്കും താത്പര്യമില്ല. അപേക്ഷ സമർപ്പിച്ചാലും നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പില്ല. കിട്ടിയാൽ നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുക, അതും ഓഫീസുകൾ പലതവണ കയറിയിറങ്ങണം. ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടാത്തവരാണ് ഏറെയും.ഫെൻസിംഗ് നിർമ്മാണവും വെല്ലുവിളികളുംകവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഫെൻസിംഗ് നിർമ്മാണം നടക്കുന്നുണ്ടു. ഇത് പൂർത്തിയാകാൻ ഇനിയും മാസങ്ങളേറെയെടുക്കും. ഫെൻസിംഗ് യാഥാർത്ഥ്യമാകുമ്പോഴേക്കും ആനശല്യം പതിന്മടങ്ങാകാനാണ് സാദ്ധ്യത. മാത്രമല്ല, ഫെൻസിംഗ് ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്. പലയിടങ്ങളിലും ഫെൻസിംഗ് തകർത്താണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്. ട്രഞ്ച് താഴ്ത്തിയാൽ മാത്രമെ ആനകളെ വനത്തിനുള്ളിൽ തന്നെ തളക്കാൻ കഴിയുകയുള്ളൂ. അതിന് വനംവകുപ്പോ സർക്കാരോ താത്പര്യമെടുക്കുന്നില്ല.
