കോതമംഗലം: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നതോടെ വിവിധ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലായിരുന്നു. ജലനിരപ്പ് 26.5 മീറ്ററില്‍ എത്തി, പമ്പിംഗ് മുടങ്ങുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്. ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഒരാഴ്ചയായി 15 ഷട്ടറും വലിയ അളവില്‍ തുറന്നിരിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ഡാമിന്റെ 13 ഷട്ടറും ഞായറാഴ്ച ഉച്ചയോടെ യാണ് അടച്ചത്. പെരിയാറിലേക്ക് വെള്ളം എത്തുന്നതിനായി രണ്ട് ഷട്ടര്‍ മാത്രം 30 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പ് 34.85 മീറ്ററാണ്. 30 മീറ്റര്‍ ജലനിരപ്പ് ഉണ്ടെങ്കില്‍ മാത്രമേ പമ്പിംഗ് സുഗമമായി നടത്താനാകൂ. മഴ ശക്തമായി ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടര്‍ വീണ്ടും തുറക്കും. വൈകിട്ടോടെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ടെന്ന് പെരിയാര്‍ വാലി അധികൃതര്‍ പറഞ്ഞു.



























































