കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട നിലയിലുള്ള പോത്തിന് നിവര്‍ന്നു നില്‍ക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ്. വെള്ളിയാഴ്ച സന്ധ്യയോടെ ഇവിടെ പോത്തിനെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.
ഇന്നലെ രാത്രിയും ഇതേ നിലയില്‍ പോത്ത് രണ്ടു രാത്രിയും ഒരു പകലും ഭക്ഷണവും വെള്ളവും ലഭിക്കാതെ നിവര്‍ന്നുനില്‍ക്കാന്‍ പോലുമാവാതെ ദുരിതത്തിലായിരുന്നതായാണ് പ്രദേശവാസികളുടെ അനുമാനം. ഇന്നത്തെ ഇറച്ചി വില്‍പ്പനയ്ക്ക് കശാപ്പിനായി എത്തിച്ചതാണ് പോത്തിനെയെന്നു കരുതുന്നു. ജീവനുള്ള മൃഗത്തെ ഭക്ഷണവും വെള്ളവും നല്‍കാതെ കൂച്ചിക്കെട്ടി ക്രൂരത കാണിച്ചതിനെതിരേ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്.
