കോതമംഗലം : കനത്തമഴയില്‍ നേര്യമംഗലം ഇടുക്കി റോഡില്‍ കലുങ്ക് തകര്‍ന്ന് ഗതാഗതം ഭീഷണിയില്‍. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത മഴയിലാണ് കലുങ്കിന്റെ സംരക്ഷണ ഭിത്തിയും സ്ലാബും അടക്കം താഴ്ചയിലേക്ക്് പതിച്ചത്. വാഹനങ്ങള്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം. നേര്യമംഗലം ഇടുക്കി ജംങ്ഷന്‍ മുതല്‍ ചെമ്പന്‍കുഴി വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കലുങ്കിന്റെ ഒരുവശം തകര്‍ന്നിടത്ത് പത്ത് മീറ്ററോളം ഭാഗത്ത് റോഡിനും തകര്‍ച്ച നേരിട്ടുണ്ട്. ശക്തമായ മഴ ഉണ്ടായാല്‍ റോഡ് കൂടുതല്‍ ഇടിയാനും സാധ്യതയുണ്ട്.
കലുങ്കിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് സ്ലാബില്‍ തുരുമ്പെടുത്ത് കാണാവുന്ന അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുമ്പ് റോഡ് നവീകരണം നടന്ന സമയത്ത് അപകടാവസ്ഥയിലുള്ള കലുങ്കുകള്‍ പുതുക്കി പണിയുകയോ അറ്റകുറ്റപ്പണി തീര്‍ക്കുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ അധികൃതരെ അറിയിച്ചതാണ്. ബസുകള്‍ നേര്യമംഗലം ടൗണിലൂടെയുള്ള റോഡിലൂടെയാണ് വന്നുപോകുന്നത്. ലോറികളും മറ്റ് വാഹനങ്ങളും ഇടുക്കി ജംങ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്.
