കോതമംഗലം: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് പോലീസ് സംഘം എത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധന നടത്തിയത്. ആലുവ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. പോലീസ് ഇന്നലെ മുതല്‍ രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തി. ഇടമലയാര്‍ ഡാം പരിസരവും പവര്‍ഹൗസും സന്ദര്‍ശിച്ച സംഘം നിലവിലെ സുരക്ഷാ സംവിധാനം വിലയിരുത്തി.
സിസിടിവി കാമറയുടെ കാര്യക്ഷമതയും പരിശോധിച്ചു. ഇടമലയാറില്‍ നിലവില്‍ പരിശോധനയും സുരക്ഷയും നോക്കുന്നത് കെഎസ്ഇബി നിയോഗിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകളാണ്. വരും ദിവസങ്ങളില്‍ ഇതിന് പുറമെ പോലീസ് ഗാര്‍ഡുകളെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കാര്യവും ബന്ധപ്പെട്ടവരെ അറിയിച്ചു. ഭൂതത്താന്‍കെട്ടില്‍ ഡാം പരിസരത്തിന് പുറമെ ബോട്ട് ജെട്ടി, വാഹനങ്ങള്‍, ബോട്ട് സര്‍വീസ് നടത്തുന്ന പെരിയാര്‍ പരിസരവും നിരീക്ഷണത്തിലാക്കും.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				