കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്.
ഹൈറേഞ്ചിലേക്ക് പ്രവേശിക്കുന്ന പ്രധാന രണ്ട് റോഡുകളും മലയോര ഹൈവേയുടേയുമെല്ലാം സംഗമഭൂമിയാണ് നേര്യമംഗലം. ഇടുക്കി റോഡിലും അടിമാലി റോഡിലും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് കോതമംഗലത്ത്‌നിന്നുള്ള അഗ്നി രക്ഷാസേനയാണ്. മൂന്നാറിലേക്ക് ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി വന്നുപോകുന്ന പാതകള്‍ എപ്പോഴും വാഹന ബാഹുല്യത്തിലായിരിക്കും. ഈ തിരക്കിനിടയിലൂടെ 22 കിലോമീറ്റര്‍ അപ്പുറത്ത്‌നിന്ന് നേര്യമംഗലം എത്തി പിന്നേയും അപകട മേഖലയിലേക്ക് കിലോമീറ്റര്‍ സഞ്ചരിച്ചാണ് സേനാംഗങ്ങള്‍ എത്തുക.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കെ.എസ് ആർ ടി സി ബസ് അപകടത്തില്‍പ്പെട്ട ഇടുക്കി സ്വദേശിയായ അനീന്റ മുക്കാല്‍ മണിക്കൂറോളം ബസിനടിയില്‍ കുടുങ്ങി കിടന്നു. പിന്നീട് ക്രെയിന്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. ഇവിടേക്ക് കോതമംഗലത്ത് നിന്ന് 26 കിലോമീറ്റര്‍ ദൂരം ഉണ്ട്.മഴക്കാലത്ത് കാറ്റിലും മണ്ണിടിച്ചിലിലും മരങ്ങളും പാറക്കല്ലും മറ്റും റോഡിലേക്കും മറ്റിടങ്ങളിലേക്കും പതിക്കുന്നതും സാധാരണമാണ്. വന മേഖല ഉള്‍പ്പെട്ട താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം സന്ദര്‍ഭത്തിലെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് ഓടി എത്തണം. നേര്യമംഗലത്ത് അഗ്നി രക്ഷാ നിലയം സ്ഥാപിച്ചാല്‍ മാമലകണ്ടം, ഊന്നുകല്‍, ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി, ദേശീയ പാതയില്‍ വാളറ വരേയും ഇടുക്കി റോഡില്‍ പാംബ്ല വരേയും പ്രയോജനം ചെയ്യും. നേര്യമംഗലം ബസ് സ്റ്റാന്‍ഡിന് പിന്നില്‍ നിലയത്തിനായി കവളങ്ങാട് പഞ്ചായത്ത് വക സാംസ്‌കാരിക നിലയം കെട്ടിടം ഇതിനായി ഏറ്റെടുക്കുമെന്ന് ജനുവരി 24നും എംഎല്‍എ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് അഗ്നി രക്ഷാ വകുപ്പ് നല്‍കിയ നിര്‍ദേശപ്രകാരം അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. ഗ്യാരേജ്, ടോയ്‌ലറ്റ്, തറ കട്ട വിരിക്കല്‍, വാഹനം കയറാന്‍ സ്ലാബ് തുടങ്ങിയ അനുബന്ധ സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുമുണ്ട്.നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമെന്നുമെല്ലാമുള്ള പ്രഖ്യാപനം ആറ് വർഷത്തിലേറെയായി എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും സ്റ്റേഷന്‍ വരുന്ന ലക്ഷണമൊന്നും ഇതുവരെ കാണാനേയില്ല. ഇവിടെ ഇപ്പോഴും പോസ്‌റ്റോഫീസും കെഎസ്ഇബി വര്‍ക്ക് ഷെഡും എല്ലാം പ്രവര്‍ത്തിക്കുകയാണ്. സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഗ്നി രക്ഷാസേന അധികൃതര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അറിയിപ്പ് കിട്ടിയാല്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സേന അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം.
