കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ തലക്കോട് നിന്നും മുള്ളരിങ്ങാട് പോകുന്ന റോഡിൽ കാട്ടാനക്കൂട്ടം എത്തിയതോടെ യാത്രക്കാർ ഭീതിയിൽ. നിരവധി വാഹനങ്ങൾ പോകുന്ന തലക്കോട് – മുള്ളരിങ്ങാട് റൂട്ടിൽ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്ത് റോഡിന് സമീപമാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. നാല് കൊമ്പനാനകൾ ആണ് ഈ ഭാഗത്ത് നിൽക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നിലയുറപ്പിച്ച കാട്ടാനകൾ ഇന്നും സമീപ പ്രദേശങ്ങൾ മാറി നിലയുറപ്പിച്ചിട്ടുള്ളതിനാൽ ഇതുവഴി വരുന്ന വാഹന, കാൽനട യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ അക്രമണത്തിൽ പ്രദേശത്ത് ഒരു യുവാവ് മരണപ്പെട്ടിരുന്നു.
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
