കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അനുഗ്രഹ പ്രഭാഷണത്തിൽ 1970 കളിൽ രാജപാതയിലൂടെ സഞ്ചരിച്ച ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു.വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച് രാജപാത തുറന്നുകിട്ടുന്നതിനായി ജനങ്ങളോടൊപ്പം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എം എൽ എ മാരായ ആന്റണി ജോണും, അഡ്വ.മാത്യു കുഴൽനാടനും, കോട്ടയം എം പി അഡ്വ. കെ ഫ്രാൻസിസ് ജോർജും ഇതേ നിലപാടുതന്നെയാണ് വ്യക്തമാക്കിയത്.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാജപാതയിലേക്ക് പ്രവേശിച്ച ജനങ്ങളെ പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും തടഞ്ഞെങ്കിലും അത് മറികടന്നാണ് അഡ്വ. ഡീൻ ക്യര്യക്കോസിൻറെയും, ആന്റണി ജോണിന്റെയും, പുന്നക്കോട്ടിൽ പിതാവിന്റെയും, മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജനം രാജപാതയിൽ പ്രവേശിച്ചത്. 90 വയസ് എത്തിയ പുന്നക്കോട്ടിൽ പിതാവ് രാജപാതയിലൂടെ ജനങ്ങൾക്ക് മുന്നേ നടന്ന് നീങ്ങിയത് പ്രതിക്ഷേധത്തിനെത്തിയവർക്ക് വലിയ ഊർജമാണ് നൽകിയത്.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ സ്വാഗതം പറഞ്ഞു.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഫാ.സിബി ഇടപ്പുളവൻ,മാങ്കുളം പള്ളി വികാരി ഫാ.ജോർജ്ജ് കൊല്ലംപറമ്പിൽ എന്നിവരും രാജപാത തുറക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു. മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, രാഷ്ട്രീയ, സാമുദായിക സാംസ്‌കാരിക മേഖലയിൽ നേതൃത്വം വഹിക്കുന്നവർ, ജോഷി പൊട്ടക്കൽ, അഡ്വ. എ സി ദേവസ്യ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യനിക്കൽ എന്നിവർ ജനകീയ മാർച്ചിന് നേതൃത്വം നൽകി.
