കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും നൂറിലേറെ രോഗികള്‍ ചികിത്സക്കായി എത്തിയിരുന്നതാണ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ സൗജന്യമായി ലഭിച്ചിരുന്നതാണ്.
ഇപ്പോള്‍ അതിനെല്ലാം സ്വകാര്യ ആശുപത്രികളിലെത്തേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ നൂറുകണക്കിന് നിര്‍ധന രോഗികള്‍. പ്രധാനപ്പെട്ട ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനം മുടങ്ങിയിട്ടും കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ അധികാരികളും ജനപ്രതിനിധികളും തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഡിഎംഒയ്ക്ക് കത്ത് നല്‍കിയതായി പറഞ്ഞ നഗരസഭ അധികാരികളും ഡോക്ടറെ നിയമിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. താലൂക്കിന്റെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗക്കാര്‍ ഉള്‍പ്പടെ വിവിധ മേഖലകളിലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയത്തിലാണ് അധികൃതര്‍ നിസംഗത തുടരുന്നത്.
