കോതമംഗലം : തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാകണമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഉണ്ടാകണമെന്നും യോഗത്തിൽ ആന്റണി ജോൺ എം എൽ എ പറഞ്ഞു.
ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഓഫീസിലാണ് യോഗം ചേർന്നത് . മാർച്ച് 15ന് കൊടിയേറി മാർച്ച് 24ന് ആറാട്ടോടെയാണ് തൃക്കാരിയൂർ മഹാദേവ ക്ഷേത്ര തിരുവോത്സവം അവസാനിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള കൺട്രോൾ റൂം പ്രവർത്തിക്കും. വേസ്റ്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വേണം കുടിവെള്ള വിതരണവും ഭക്ഷണവിതരണവും താൽക്കാലിക കടകൾ എന്നിവ പ്രവർത്തഞങ്ങളെന്നും യോഗത്തിൽ തീരുമാനമായി.
ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താനും ആംബുലൻസ് സൗകര്യം ഉറപ്പാക്കും. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ പ്രത്യേക ശ്രദ്ധയും, സേവനവും ഉറപ്പാക്കും. കൊടും വേനലിൽ ഭക്തജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം കൃത്യമാക്കാൻ തീരുമാനിച്ചു. ഉത്സവ ദിവസങ്ങളിൽ തൃക്കാരിയൂരിൽ വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ കെ എസ് ഇ ബിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം തീരുമാനിച്ചു. തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താനും തീരുമാനമായി.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, തഹസിൽദാർ അനിൽകുമാർ എം , ഡെപ്യൂട്ടി തഹസിൽദാർ ബ്ലെസി പി,തൃക്കാരിയൂർ വില്ലേജ് ഓഫിസർ മഞ്ജു കൃഷ്ണ, കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി എ ജലീൽ, കോതമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് പി ബി , കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, കോതമംഗലം ഫയർ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജിനീയർ ടൈറ്റസ് ഡാനിയൽ,കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ രമേഷ് കുമാർ പി കെ, നെല്ലിക്കുഴി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാജഹാൻ എം, നെല്ലിക്കുഴി ആയുർവേദ ആശുപത്രി ഡോക്ടർ അഞ്ചു സുകുമാരൻ, ദേവസ്വം ബോർഡ് തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസർ മീന വിജയൻ , ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എൻ എ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുൺ സി ഗോവിന്ദ്, സിന്ധു പ്രവീൺ , ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അജിത്ത് കുമാർ ഇ കെ, പ്രസിഡന്റ് ശ്രീകുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ജി ചന്ദ്ര ബോസ്, കെ പി ജയകുമാർ, എ എൻ രാമചന്ദ്രൻ അമ്പാട്ട്, ക്ഷേത്രപദേശക സമിതി അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
