കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ 3 സർക്കാർ വിദ്യാലയങ്ങൾക്ക് ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ചുകൊണ്ട് 3 ബസുകൾ നൽകി.ഗവ എൽ പി സ്കൂൾ വെണ്ടുവഴി,ഗവ യു പി സ്കൂൾ കുറ്റിലഞ്ഞി,ഗവ എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത് എന്നീ സ്കൂളുകൾക്കാണ് ബസുകൾ കൈമാറിയത്.മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള “ശുഭയാത്ര ” പദ്ധതിയുടെ ഭാഗമായിട്ടാണ് ബസുകൾ കൈമാറിയത്. ഈ പദ്ധതിയുടെ തന്നെ ഭാഗമായി നേരത്തെ 14 ബസ്സുകൾ മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കായി നൽകിയിരുന്നു. ഇതിന് പുറമെയാണ് ഇന്ന് 3 ബസുകൾ കൂടി നൽകിയത് .ശുഭയാത്ര പദ്ധതിയുടെ ഭാഗമായി തന്നെ തുടർന്നും മണ്ഡലത്തിലെ സ്കൂളുകൾക്ക് സ്കൂൾ ബസുകൾ നൽകുമെന്നും എം എൽ എ പറഞ്ഞു. വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ഹെഡ് മാസ്റ്റർമാരായ എസ് എം മുഹമ്മദ്,എം വിജയകുമാരി, ഷാലി വി എം,മുനിസിപ്പൽ കൗൺസിലർ ഷിനു കെ എ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ,പി ടി എ പ്രസിഡന്റ് മാരായ ഷാൻമോൻ,എം യു അനസ്,അനീഷ് കെ ബി , അധ്യാപകർ,പി ടി എ,എം പി ടി എ അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ വിവിധ സ്കൂളുകളിൽ സന്നിഹിതരായിരുന്നു.
