കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പ്രതികരിച്ച സ്റ്റുഡിയോ ഉടമയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അനുജനും സുഹൃത്തുക്കളും ചേർന്ന് സ്ഥാപനത്തിൽ എത്തി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയതായി പരാതി.
മർദ്ധനമേറ്റനെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ സൂര്യ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്ന വട്ടക്കുട്ടി ഷാജഹാനെ കോതമംഗലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മുൻപ് വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് തവണ മേജർ ഓപ്പറേഷന് വിധേയനായ വ്യക്തിയാണ് ഷാജഹാൻ.
ശനിയാഴ്ച രാവിലെ 10.30 ന് പ്രതികളിൽ ഒരാൾ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞ് സ്ഥാപനത്തിൽ വിളിച്ചു വരുത്തിയതിന് ശേഷം മൂന്ന് പേർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് ഷാജഹാനെ ക്രൂരമായി ആക്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഷാജഹാൻ്റെ ബന്ധുവും ഫോട്ടോഗ്രാഫർ അസോസിയേഷൻ നേതാവും നാട്ടുകാരും ചേർന്നാണ് ഷാജഹാനെ ഉച്ചയോടെ കോതമംഗലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡിസ്ചാർജായി വീട്ടിലെത്തിയ ഷാജഹാന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച അർദ്ധരാത്രിയോടെ കോതമംഗലം
ബസോലിയോസ് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിക്കുകയായിരിന്നു . തലക്ക് CT സ്കാൻ എടുത്തതിന് ശേഷം ഷാജഹാനെ മൊബൈൽ ഐ .സി .യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . വിവരമറിഞ്ഞെത്തിയ കോതമംഗലം പോലീസ് രാത്രിയിൽ തന്നെ ഷാജഹാൻ്റെ മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചു.
