കോതമംഗലം: കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കുറുകെകടന്ന കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായ പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ ചൂരക്കോടന്‍ അഖില്‍ രാജപ്പന് (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് ഇന്നലെ രാത്രി എട്ടിനാണ് സംഭവം.
വയറിംഗ ജോലിക്കാരനായ അഖില്‍ കോതമംഗലത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചുവീണു.
റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലത് കൈപ്പത്തിക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്. കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.
