കോതമംഗലം: കുട്ടമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് കീരംപാറ സ്വദേശി ജില്ലാ സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് കുട്ടമ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജാമ്യം ലഭിക്കുന്നതിനായി സിബി ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സിബിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സൊസൈറ്റി സെക്രട്ടറി ഷൈല കരീം, കുട്ടമ്പുഴ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിന്‍ ജോസ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ആരോപണങ്ങളും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിബിയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കൂടുതല്‍ പേര്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും വിദേശത്തുള്ള രണ്ട് പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.