കോതമംഗലം: ഭൂതത്താൻകെട്ട് പെരിയാർവാലി ഇറിഗേഷൻ പദ്ധതിയിലെ സീറോ പോയിന്റ് മുതൽ ചെമ്മീൻകുത്ത് വരെയുള്ള കീരംപാറ-പിണ്ടിമന വില്ലേജിലൂടെ പോകുന്ന മെയിൻ കനാൽ ബണ്ട് റോഡ് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂതത്താൻകെട്ട് പെരിയാർവാലി സബ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും, പെരുമ്പാവൂർ ഡിവിഷൻ ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും തദ്ദേശവാസികൾ ഭീമ ഹർജി നൽകി.
കോതമംഗലം തലൂക്ക് പിണ്ടിമന പഞ്ചായത്തിൽ പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡ് തകർന്നിട്ട് 5 വർഷം കഴിഞ്ഞു. പകുതി കുണ്ടും കുഴിയുമായി തകർന്ന കിടന്ന റോഡ് 2023 ഡിസംബറിൽ റോഡ് പണി തുടങ്ങുന്നതിന്റെ ഭാഗമായി ബാക്കി പകുതി കൂടി താറുമാറാക്കിയതിന് ശേഷം ടാറിംഗ് തുടങ്ങാത്തതിനാൽ റോഡിലൂടെ ഉള്ള യാത്ര ദുഷ്ക്കരമായിത്തീർന്നിരിക്കുകയാണ്. 10 മാസം മുമ്പ് MLA ഉത്‌ഘാടനം നിർവ്വഹിച്ച റോഡ് പണി 2 ദിവസത്തെ പണി കഴിഞ്ഞ് നിർത്തി പോയത് ഈ റോഡ് നേരിട്ട് ഉപയോഗിക്കുന്ന മുന്നോറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.
അനേകം സ്‌കൂൾ കുട്ടികൾ അടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന് റോഡ് ഉപയോഗിക്കുന്ന അഞ്ഞൂറോളം പേരുടെ ഒപ്പ് ശേഖരണത്തിന് ഡിസംബർ ഒന്ന് മുതൽ ഷോജി ജോസഫ്, ബിജു പുതുക്കയിൽ, സിറിൽ മാത്യു, ബിജു പുത്തയത്ത് എന്നിവർ നേതൃത്വം നൽകി. ജെയ്‌മോൻ തൊമ്പ്ര, ജോബി നിരവത്ത്, ജോസ് കാഞ്ഞിരക്കാട്ട്, സജി തോമസ്, ഷോജി, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ PVIP അധികാരികൾക്ക് ഭീമ ഹർജി നൽകി. പരാതി അനുഭാവപൂർണ്ണം പരിഗണിക്കാമെന്നും റോഡിന്റെ പണി ദ്രുതഗതിയിൽ പുനരാരംഭിക്കാനുള്ള ശ്രമം ചെയ്‌യുമെന്നു ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയുണ്ടായി. പരാതിയിൻമേൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ തദ്ധേശവാസികളായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഒപ്പുശേഖരണത്തിന് നേതൃത്വംകൊടുത്ത ഷോജി കണ്ണംപുഴ ബിജു പുത്തയത്ത് എന്നിവർ പറഞ്ഞു.