കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര വന്യജീവി ബോർഡിൻറ്റെ മീറ്റിങ്ങിൽ പ്രതിനിധിസംഘത്തിൻറ്റെ റിപ്പോർട്ട് പരിഗണനക്ക് വരുമെങ്കിലും പ്രദേശവാസികൾ ചതിക്കപ്പെട്ടിട്ടുണ്ടന്നാണ് നിലവിൽ ലഭ്യമായിട്ടുള്ള രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. 2023 ജനുവരി 19 ന് കൂടിയ സംസ്ഥാന വന്യജീവി ബോർഡാണ് സങ്കേതത്തിനുള്ളിലെ 9 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലയും, ഏതാണ്ട് പന്തീരായിരത്തോളം വരുന്ന ജനങ്ങളും ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്. ആ ശുപാർശ പരിഗണനയിലിരിക്കെ 2023 ഒക്ടോബർ 11, 13 തീയതികളിൽ കേരളത്തിലെ ശെന്തുരുണി, കൊട്ടിയൂർ, ഇടുക്കി, വയനാട്, പീച്ചി – വാഴാനി, ചിമ്മിണി, മലബാർ വന്യജീവി സങ്കേതം, മംഗളവനം, സയലൻറ്റ് വാലി, പറമ്പിക്കുളം കടുവാ സങ്കേതം എന്നി വന്യജീവി സങ്കേതം കൂടാതെ തട്ടേക്കാടിൻറ്റെഉൾപ്പെടെ പതിനൊന്ന് സങ്കേതങ്ങളുടെ ഇ എസ് ഇസഡ് (ബഫർ സോൺ) സംബന്ധിച്ച വിജ്‍ഞാപനമിറക്കാൻ കേന്ദ്രത്തിന് ശുപാർശ നൽകിയത്.
തട്ടേക്കാടിൻറ്റെ കാര്യത്തിൽ 1983 ൽ നിശ്ചയിച്ച വടക്കേ അതിർത്തിയായ കുട്ടമ്പുഴ ആറിന് സമാനമായി ഒരു കിലോമീറ്റെർ ആണ് ബഫർസോൺ നിശ്ചയിച്ചിരിക്കുക. തട്ടേക്കാടുമുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങൾ കേന്ദ്രസംഘത്തിൻറ്റെ ശുപാർശപ്രകാരം സങ്കേതത്തിൻറ്റെ അതിർത്തിയിൽ നിന്നും ഒഴിവാക്കിയാൽ പോലും ഇ എസ് ഇസഡ് പരിധിയിൽ വരും. ഫലത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പ്രഹസനമായി മാറും. 2023 ജനുവരി 19 ന് കൂടിയ സംസ്ഥാന വന്യജീവി ബോർഡ് അതിർത്തി പുനർനിർണ്ണയിക്കാൻ തീരുമാനമെടുത്തിട്ട് അതിൻമേലുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ എന്തിനാണ് 2023 ഒക്ടോബറിൽ തന്നെ സംസ്ഥാന സർക്കാർ അതിർത്തിക്ക് പുറത്തേക്ക് വരുന്ന ബഫർസോൺ വിജ്‍ഞാപനത്തിനുള്ള ശുപാർശ അയച്ചത് എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ഇക്കാര്യത്തിൽ യാതൊരു വ്യക്തതയുമില്ലാത്ത ജനപ്രതിനിധികൾ കേന്ദ്രസംഘത്തിൻറ്റെ സന്ദർശനം നിയന്ത്രിച്ചതും, പബ്ലിക് ഹിയറിങ്ങിനായി കാത്തുനിന്നവരെ കാണാൻ അനുവദിക്കാതെ മടക്കിഅയച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള അവസരവും രാഷ്ട്രീയ ഇടപെടീലിലൂടെ നഷ്ടമാക്കി.
42 വർഷക്കാലം നീതി നിഷേധിക്കപ്പെട്ട് സങ്കേതത്തിനുള്ളിൽ കഴിഞ്ഞ ഒരു സമൂഹത്തിനുവേണ്ടി പോരാടിയത് പാഴാക്കില്ലന്നും, സർക്കാർ കേന്ദ്രത്തിലേക്കയച്ചിരിക്കുന്ന ബഫർസോൺ വിജ്ഞാപനം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതിർത്തി പുനർനിർണ്ണയത്തിൽ എന്നതുപോലെതന്നെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും, ഫാം (FARM) ജന. സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.