കോതമംഗലം: മലയോര ഗ്രാമങ്ങളില്‍ നിശബ്ദമായ കുടിയിറക്ക് ശ്രമം നടക്കുകയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി ഭയന്ന് നാട് വിട്ടുപോകേണ്ട അവസ്ഥയിലാണ് മനുഷ്യരെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് കുട്ടമ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തപക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് യുഡിഎഫ് തുടക്കം കുറിക്കുമെന്നും മാത്യു കുടല്‍നാടന്‍ എംഎല്‍എ പറഞ്ഞു. എല്‍ദോസിന്റെ കുടുംബത്തിന് സര്‍ക്കാരും ഉദ്യോഗസ്ഥരും പറഞ്ഞിട്ടുള്ള നഷ്ടപരിഹാരവും കുടുംബത്തിന് താങ്ങായി കുടുംബാംഗത്തിന് ജോലി നല്‍കുവാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ബംഗ്ലാവ് കടവ് – മണികണ്ഠന്‍ ചാല്‍, ബ്ലാവന, ഇഞ്ചത്തൊട്ടി പാലങ്ങള്‍ നിര്‍മിക്കണമെന്നും ജനങ്ങള്‍ നട്ടുവളര്‍ത്തിയ തേക്കടക്കമുള്ള മരങ്ങള്‍ വെട്ടി ഉപയോഗിക്കുന്നതിന് കര്‍ഷകരെ അനുവദിക്കണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ജനവാസ മേഖലയെ ഒഴിവാക്കി സീറോ ബഫര്‍സോണ്‍ പ്രഖ്യാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജെയിംസ് കോറന്‌പേല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ഏലിയാസ്, ഷമീര്‍ പനക്കല്‍, യുഡിഎഫ് നേതാക്കളായ എബി എബ്രഹാം, എം.എസ് എല്‍ദോസ്, കെ.പി ബാബു, എ.ജി ജോര്‍ജ്, എ.സി രാജശേഖരന്‍, ജോഷി പൊട്ടക്കല്‍, കാന്തി വെള്ളക്കയ്യന്‍, പി.കെ ചന്ദ്രശേഖരന്‍ നായര്‍, മാമച്ചന്‍ ജോസഫ്, ബീന റോജോ, റാണിക്കുട്ടി ജോര്‍ജ്, സൈജന്റ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.