പോത്താനിക്കാട് : കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തെക്കേപുന്നമറ്റത്ത് പുള്ളോലില്‍ ജേക്കബിന്‍റെ 120 കുലച്ച ഏത്ത വാഴകള്‍ കാറ്റില്‍ നിലം പൊത്തി.
കര്‍ഷകരായ ജാക്സണ്‍, ടിജു എന്നിവരുടെ 350-ഓളം കുലച്ച വാഴകളാണ് പൂര്‍ണ്ണമായും നശിച്ചത്. പോത്താനിക്കാട് പഞ്ചായത്തിലെ ഈ യുവകര്‍ഷകര്‍ പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയാണ് നശിച്ചത്. പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം കുള്ളന്‍ ഇനത്തില്‍പ്പെട്ട വാഴകളാണ് കൃഷി ചെയ്തിരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ മൂത്ത് പാകമാകുമായിരുന്ന 350 കുലകളാണ് കാറ്റത്ത് ഒടിഞ്ഞുവീണത്. പോള്‍ വര്‍ഗീസ് എന്ന മറ്റൊരു കര്‍ഷകന്‍റെ നൂറോളം വാഴകളും കാറ്റില്‍ നശിച്ചിട്ടുണ്ട്. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ക്യഷി ഓഫീസര്‍ കെ.എസ് സണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസും, കൃഷി ഓഫീസര്‍ സണ്ണിയും പറഞ്ഞു.
