കോതമംഗലം: തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയത് വെറും പ്രഹസന സമരമാണെന്ന് ആന്റണി ജോണ്‍ എംഎല്‍എ. പരിമിതമായ സാഹചര്യത്തില്‍ ആയക്കാട് കവലയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ് സെന്ററിന് പുതിയ മന്ദിരം നിര്‍മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ടു ഘട്ടമായി അനുവദിച്ച 40 ലക്ഷം വിനിയോഗിച്ചാണ് ഗ്രൗണ്ട് ഫ്‌ലോറില്‍ നാലു മുറികളും ഒന്നാം നിലയില്‍ നാലു മുറികളും ഉള്‍പ്പെടെ എട്ട് മുറികളടങ്ങുന്ന കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. 90 ശതമാനനം നിര്‍മാണവും ഈ തുക ഉപയോഗിച്ച് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് 2023-24 സാന്പത്തിക വര്‍ഷം എംഎല്‍എ ഫണ്ടില്‍ നിന്നു തന്നെ 18 ലക്ഷം അനുവദിക്കുകയും കഴിഞ്ഞ 17ന് പ്രവൃത്തിക്ക് സാങ്കേതിക അനുമതിയും ലഭ്യമായിട്ടുള്ളതാണ്. പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ 26ന് പുറപ്പെടുവിക്കുകയും ചെയ്തു. നാളെ ടെന്‍ഡര്‍ ക്രോസിംഗ് തീയതിയുമാണ്. ആറിന് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യും. ഇതിനിടെ ബിജെപി നടത്തിയ സമരം വെറും പ്രഹസനം മാത്രമാണെന്ന് എംഎല്‍എ അറിയിച്ചു.