കല്ലൂര്‍ക്കാട്: നെല്‍പ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ തേനി ഹൈവേയ്ക്ക് സമീപം കൊച്ചുമുട്ടം ഷാജു ജോര്‍ജിന്റെ കൃഷിയിടത്തില്‍ ഒന്നര മാസം മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ടണ്‍ കണക്കിന് മാലിന്യമാണ് കല്ലൂര്‍ക്കാട് പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നീക്കിയത്. സ്ഥലം ഉടമ ഷാജു ജോര്‍ജ് സ്വന്തം ചെലവില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് മാലിന്യം നീക്കം ചെയ്തു നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നേരത്തേ കത്തു നല്‍കിയിരുന്നു. മാലിന്യത്തില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിലാസത്തിലുള്ള പാലാരിവട്ടത്തെ ഫുഡ് കോര്‍പ്പറേഷന്‍ കമ്പനിക്കും പഞ്ചായത്തില്‍നിന്ന് നേരിട്ട് കത്തു നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദിഷ്ട സമയത്തിനകം ഇതു നീക്കം ചെയ്യാത്തതിനാലാണ് പഞ്ചായത്ത് ഇടപെട്ടത്. കൊല്ലം ആസ്ഥാനമായുള്ള ഗ്രീന്‍ കേരള കമ്പനിയാണ് മാലിന്യ നീക്കം നടത്തുന്നത്. പഞ്ചായത്തി രാജ് നിയമപ്രകാരം വിവിധ വകുപ്പുകളനുസരിച്ച് ചുമത്തിയ 70,000 രൂപ പിഴയും മാലിന്യ നീക്കത്തിന് ആവശ്യമായ ചെലവുകളും സ്ഥലമുടമയില്‍നിന്നും ഫുഡ് കോര്‍പ്പറേഷന്‍ കമ്പനിയില്‍നിന്നും ഈടാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി പറഞ്ഞു. മാലിന്യത്തിന് കിലോയ്ക്ക് 10 രൂപ നിരക്കിലാണ് ഗ്രീന്‍ കേരള കമ്പനി മാലിന്യ നീക്കം നടത്തുന്നത്. മാലിന്യ നീക്കത്തിന് അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ ജാന്‍സി ജോമി, സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് സത്യഗ്രഹം നടത്തിയിരുന്നു.
