കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ കേരള വൈ-ഫൈ സേവനമാണിത്.മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ കീരംപാറ ഗ്രാമപഞ്ചായത്ത്, കോതമംഗലം ബ്ലോക്ക് ഓഫീസ്-ന്യൂ ബിൽഡിങ്, കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ്,കോതമംഗലം മുനിസിപ്പൽ ഓഫീസ്, കെ എസ് ഇ ബി ഓഫീസ് കോതമംഗലം, നെല്ലിക്കുഴി ലൈബ്രറി, കവളങ്ങാട് ഗ്രാമപഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, പി വി ഐ പി ഗാർഡൻ,കോതമംഗലം റവന്യൂ ടവർ MPOP,കോതമംഗലം മിനി സിവിൽ സ്റ്റേഷൻ, വാരപ്പെട്ടിപഞ്ചായത്ത് ഓഫീസ് , താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി കോതമംഗലം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ വൈ-ഫൈ ലഭിക്കുന്നത്.
ഫോണിലോ കമ്പ്യൂട്ടറിലോ കേരള വൈ-ഫൈ കണക്ഷൻ ലഭിക്കുന്നതിന് കേരള ഗവൺമെന്റ് വൈഫൈ എടുത്തതിന് ശേഷം കെ-ഫൈ എന്ന സെലക്ട് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പർ കൊടുക്കുന്നതോടെ ഒ ടി പി ലഭ്യമാകും. ഇതോടെ ഒരു GB സൗജന്യ വൈ-ഫൈ ലഭിക്കുകയും ചെയ്യും. ദിവസം 1 GB വരെ 10 MBPS വേഗതയിൽ ഉപയോഗിക്കാനാകും. ഈ പരിധി കഴിഞ്ഞാലും സർക്കാർ സേവനങ്ങൾ കിട്ടും.കെ-ഫൈ പരിധിക്കുള്ളിൽ എത്തുമ്പോൾ വൈ-ഫൈ ഓൺ ചെയ്ത് മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്യാം.ഇപ്പോൾ ഒരു സ്ഥലത്ത് 100 പേർക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് ശേഷി ഉപയോഗം വിലയിരുത്തി വർദ്ധിപ്പിക്കുമെന്നും, തുടർച്ചയിൽ മണ്ഡലത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ കെ -ഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു .