കോതമംഗലം :കോതമംഗലത്തെ നിർദ്ദിഷ്ട ആധുനിക പൊതു ശ്മശാനം പദ്ധതിയ്ക്കെതിരെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തി പദ്ധതി അട്ടിമറിക്കുവാനുള്ള നീക്കം ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്തെ പൊതുസമൂഹം കാലങ്ങളായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് കോതമംഗലത്ത് ഒരു പൊതു ശ്മശാനം വേണമെന്നുള്ളത്. കോതമംഗലം നഗരസഭ പരിധിയിൽ പൊതു ശ്മശാനം കിഫ്‌ബിയുടെ സാമ്പത്തിക സഹായത്തോടുകൂടി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക നടപടികളും നിലവിൽ പൂർത്തീകരിച്ചിട്ടുള്ളതാണ് .നിർമ്മാണം വേഗത്തിൽ തുടങ്ങാൻ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തുമ്പോൾ അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തി ഈ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ആയതിനാൽ പൊതു താൽപ്പര്യം മനസ്സിലാക്കി ബന്ധപ്പെട്ടവർ അതിൽ നിന്നും പിന്മാറണമെന്നും നഗരസഭയിലെ നിർദ്ദിഷ്ട ആധുനിക പൊതുശ്മശാനം നിർമ്മാണം വേഗത്തിൽ ആരംഭിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വേർപാടിൽ താലൂക്ക് സമിതി യോഗം അനുശോചനം രേഖപ്പെടുത്തി.
കൊച്ചി-തേനി ദേശീയപാതയില്‍ കോതമംഗലം നഗരസഭ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അശാസ്ത്രീയമായ രീതിയില്‍ ഓട ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതു മൂലം അപകടങ്ങൾ
ഉണ്ടാകുന്നതും, കുടിവെളള വിതരണം തടസ്സപ്പെടുന്നതും രൂക്ഷമായതിനാല്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം. വനമേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ നിലവില്‍ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങളെ പ്രസ്തുത മേഖലകളില്‍ നിന്നും ഒഴിവാക്കിയതിനുശേഷം ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിൽ വന്യ മൃഗം ശല്യം പ്രതിരോധിക്കുന്നതിനായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണം. പെരിയാർ വാലി കനാലുകളുടെ ക്ലീനിങ് കാര്യക്ഷമവും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പെരിയാർവാലി അധികൃതർ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കോതമംഗലം താലൂക്കിലെ പട്ടയ നടപടികൾ യോഗം വിശദമായി ചർച്ച ചെയ്തു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമതയോടു കൂടി മുന്നോട്ടുപോകുന്നതായി യോഗം വിലയിരുത്തി.
ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ തടയുന്നതിനും, ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായും, ഊര്‍ജ്ജിതമായും നടപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോട് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കോതമംഗലം നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും, നഗരസഭയിലെ പോക്കറ്റ് റോഡുകളില്‍ ഒടിഞ്ഞു കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ദേശീയപാത പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി അളന്ന് തിരിക്കുന്നതിനും, ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുളള റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പട്ടു.
വാരപ്പെട്ടി പഞ്ചായത്തിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍പ്പെടുന്ന കനാലുകളും, പി.ഡബ്ലു.ഡി റോഡിലെ കാനകളും ക്ലീനിംഗ് ചെയ്യുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.
കുറ്റിലഞ്ഞി-മേതല റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു.
കോട്ടപ്പടി കോളേജിന് സമീപം റോഡിലെ വെളളക്കെട്ട് പരിഹരിക്കുന്നതിനും പഞ്ചായത്തിലെ വിവിധ കനാല്‍ ബണ്ട് റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.
വനമേഖലയോട് ചേര്‍ന്ന് വരുന്ന പ്രദേശങ്ങളില്‍ ഭൂമി രെജിസ്രേഷനുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് അധികൃതരില്‍നിന്ന് എന്‍.ഒ.സി ലഭിക്കുന്നതിനുളള തടസ്സം നീക്കണമെന്ന് യോഗം ആവശ്യപ്പട്ടു.
യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടോമി കെ.കെ, തഹസില്‍ദാര്‍ അനില്‍ കുമാര്‍ എം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍ നായര്‍, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യൂ,മുന്‍സിപ്പല്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.നൗഷാദ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എ ജോയി,പി.റ്റി.ബെന്നി, എ.ടി പൗലോസ്, ബേബി പൗലോസ്, സാജന്‍ അമ്പാട്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.