മൂവാറ്റുപുഴ: നാലായിരത്തോളം കൗമര കലാ പ്രതിഭകൾ മാറ്റുരക്കുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ല സ്കൂൾ കലോത്സവത്തിന് വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നാളെ തിരി തെളിയും.
മൂവാറ്റുപുഴ നഗരസഭയിലെയും
വാളകം, പായിപ്ര, മാറാടി, ആരക്കുഴ, ആവോലി, ആയവന ഗ്രാമ പഞ്ചായത്തുകളിലെയും സ്കൂളുകളിൽ നിന്നുളള പ്രതിഭകൾ എട്ട് വേദികളിലായി 16 വരെ നടക്കുന്ന കലാ മാമാങ്കത്തിൽ 307 ഇനങ്ങളിൽ മാറ്റുരക്കും.
എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., അറബി കലോത്സവം, സംസ്കൃതോത്സവം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
കലോത്സവത്തിന് മുന്നോടിയായുളള രചന മത്സരങ്ങൾക്ക് തുടക്കമായി. നാളെ രാവിലെ 10 ന് കലോത്സവ പതാക ഉയർത്തും. ഉച്ചയ്ക്ക് 2 ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടന ചെയ്യും. സമ്മേളനത്തിൽ
വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ കെ.പി. അബ്രഹാം അധ്യക്ഷത വഹിക്കും.
പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് മാർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യ പ്രഭാഷണവും ഇ.എ.ഇ. സ്‌കൂൾ മാനേജർ ഫാ. തോമസ് മാളിയേക്കൽ കലോത്സവ സന്ദേശവും നൽകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണൻ ലോഗോ ഡിസൈൻ ചെയ്ത വിദ്യാർഥിക്കുള്ള സമ്മാനം നൽകും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 14,15,16 തീയതികളിലാണ് പ്രധാന മത്സരം.
16 ന് വൈകിട്ട് 5 ന് കലോത്സവ സമാപന സമ്മേളനം വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അബ്രാഹാം കെ.പി. ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡൻ്റ് മോൾസി എൽദോസ് അധ്യക്ഷത വഹിക്കും.
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ജമുന പി.
പ്രഭു സ്വാഗതവും സ്‌കൂൾ മാനേജർ ഫാ. തോമസ്
മാളിയേക്കൽ മുഖ്യപ്രഭാഷണവും നടത്തും. ജിജു കെ. ജോർജ് നന്ദി പറയും.
പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എബ്രഹാം കെ.പി., ജനറൽ കൺവീനർ ജിനു ഏലിയാസ്, എ.ഇ.ഒ. കെ.വി. ബെന്നി,
പി.ടി.എ. പ്രസിഡന്റ് സി.യു. കുഞ്ഞുമോൻ, ജോ. ജനറൽ കൺവീനർമാരായ ജമുന പി. പ്രഭു, ബൈജു എം. വർഗീസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.എൻ. മനോജ്, കൺവീനർ ജീന പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.



























































