കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകട സാധ്യത അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്. കവളങ്ങാട് പരീക്കണ്ണിയില്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സിലിണ്ടറില്‍നിന്നാണ് വാതകം ചോര്‍ന്നത്. തുടര്‍ന്ന് ജീവനക്കാരോട് വാഹനം തുറസായ സ്ഥലത്ത് സുരക്ഷിതമായി നിര്‍ത്തി ചോര്‍ച്ചയുള്ള സിലിണ്ടര്‍ അപകടരഹിതമായി മാറ്റിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വെള്ളം പന്പു ചെയ്തശേഷം അടുത്തെത്തി പരിശോധിച്ചപ്പോള്‍ സിലിണ്ടറിന്റെ ചോര്‍ച്ച അടക്കാന്‍ വച്ച പശ ഇളകി പോയതായി കണ്ടെത്തി. അപകടം മനസിലാക്കിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ റഗുലേറ്റര്‍ വഴി വേഗത്തില്‍ വാതകം തുറന്നുവിട്ട് സിലിണ്ടര്‍ കാലിയാക്കുകയായിരുന്നു. അപകടാവസ്ഥ പൂര്‍ണമായും ഒഴിവായി എന്ന് ഉറപ്പാക്കിയശേഷമാണ് സേന മടങ്ങിയത്. സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ. ബിനോയി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. അനില്‍ കുമാര്‍, കെ.എന്‍ ബിജു, സേനാംഗങ്ങളായ കെ.വി. ദീപേഷ്, പി.എം. നിസാമുദീന്‍, പി.പി. ഷംജു, ജിനോ രാജു, പി.ആര്‍. രാഹുല്‍, ശ്രുതിന്‍ പ്രദീപ്, ജിത്തു തോമസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.