കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.93.70 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 8.5 കിലോമീറ്റർ ദൂരത്തിലാണ് കീരമ്പാറ പഞ്ചായത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്.
കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള വനം വകുപ്പ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കോതമംഗലം ഡിവിഷനു കീഴിൽ നടപ്പിലാക്കിയ ഇടവെട്ടി നഗര വനം പദ്ധതിയുടെ പൂർത്തീകരണത്തിന്റെയും കോതമംഗലം റേഞ്ചിലെ സൗരോർജ്ജ തൂക്കുവേലി, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷനിലെ തൊടുപുഴ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് തങ്കളം മാർ ബസേലിയോസ് ദന്തൽ കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു .