കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം പിന്നാലെയെത്തിയ വാഹനത്തിലുള്ളവർ പകർത്തി. ഇതു 2 വാഹനത്തിലുള്ളവരും തമ്മിൽ തർക്കത്തിനിടയാക്കി. കയ്യേറ്റ ശ്രമം ഉണ്ടായതോടെ ദൃശ്യം പകർത്തിയവർ ഊന്നുകൽ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. ഇതോടെ കാറിൽ എത്തിയവർ കടന്നു കളഞ്ഞു. ദൃശ്യം പകർത്തിയ ആലുവ സ്വദേശികൾ കോതമംഗലം ജോയിന്റ് ആർടിഒയെ വിവരമറിയിച്ചു.
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാറിന്റെ റജിസ്ട്രേഷൻ നമ്പർ പ്രകാരം ഉടമയായ സ്ത്രീയെ വിളിച്ചെങ്കിലും ലഭിച്ചില്ല. ഇന്നലെ രാവിലെ വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തു. ഉദ്യോഗസ്ഥർ ഇവരോടു കാറോടിച്ച ഡ്രൈവർ സഹിതം ജോയിന്റ് ആർടിഒയ്ക്കു മുൻപിൽ അടിയന്തരമായി ഹാജരാകാൻ നിർദേശിച്ചു. നാളെ ഹാജരാകാമെന്നാണു വൈപ്പിൻ സ്വദേശിയായ കാറുടമ അറിയിച്ചിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ സലിം വിജയകുമാർ പറഞ്ഞു.