കോതമംഗലം: കോതമംഗലം തുണ്ടത്ത് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ഭയന്നോടി കാടുകയറിയ പുതുപ്പിള്ളി സാധുവെന്ന നാട്ടുകൊമ്പനെ ആശങ്കകൾക്കൊടുവിൽ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ആനയെ കണ്ടെത്തിയത്.അധിക്യതർ നടത്തിയ പ്രാധമിക പരിശോധനയിൽ ആന പൂർണ്ണ ആരോഗ്യവാനാണെന്ന് അറിയിച്ചു. ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും, പിണ്ടവും ശ്രദ്ധിച്ച് നടത്തിയ തിരച്ചിലിനൊടുവിലെ ഇന്ന് രാവിലെ 9.30 ഓടെ ആനയെ കണ്ടെത്തിയത്.
ത്യശൂരിൽ നിന്നെത്തിയ എട്ട് അംഗ എലിഫൻ്റ് സ്ക്വാഡിൻ്റെ സഹായത്തോടെ മലയാറ്റൂര്‍ ഡി.എഫ്.ഒ. കുറ ശ്രീനിവാസ്, തുണ്ടം റേയ്ഞ്ച് ഓഫീസര്‍ കെ. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആന പാപ്പന്മാരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് ഇന്ന് പുലർച്ചെ മുതൽ വനത്തിൽ തിരച്ചിൽ നടത്തിയത്.
ഒറ്റപ്പെട്ട് കാട്കയറിയ നാട്ടാന പുതുപ്പിള്ളി സാധു രാത്രി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു. കാട് കൂടുതൽ പരിമിയ മില്ലാതിരുന്നതിനാൽ ആന ഉൾക്കാട്ടിലേക്ക് നീങ്ങാതിരുന്നതെന്നാണ് വിലയിരുത്തൽ.
തുണ്ടം ഫോറസ്റ്റ് റേയ്ഞ്ചിലെ മരപ്പാലത്തിന് സമീപം കൂവപ്പാറ ഭാഗത്ത് ഇന്നലെ വൈകുന്നേരം 5 ഓടെയാണ് ഷൂട്ടിങ്ങിനെത്തിച്ച നാട്ടു കൊമ്പൻമാർ തമ്മിൽ ഏറ്റുമുട്ടിയത്.
തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച തടത്താവിള മണികണ്ടനും പുതുപ്പിളളി സാധുവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.