കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. കോതമംഗലം നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്റും, പരിസരവും എൻ എസ് എസ് വിദ്യാർത്ഥികൾ വൃത്തിയാക്കി. നഗരസഭാ ചെയർമാൻ കെ. കെ. ടോമി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. വി. തോമസ്, വാർഡ് കൗൺസിലർ കെ. എ. നൗഷാദ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച്താ ഹി സേവ ക്യമ്പയിന്റെയും, കോതമംഗലം ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പൂർണ്ണമായും ഹരിത ചട്ടം പാലിച്ചു നഗരസഭ നടപ്പിലാക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനങ്ങൾ.
വിദ്യാർഥികളിൽ അന്തർലീനമായ സർഗവാസനകളെ ക്രിയാത്മകമായ മേഖലയിലേക്ക് തിരിച്ചുവിടാനും സ്വയം സംരംഭക പരിപാടികളെ പരിചയപ്പെടുത്തുന്നതിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് പ്രേരിപ്പിക്കുവാനും നാഷണൽ സർവീസ് സ്കീം സഹായിക്കുന്നതായും,വിദ്യാർഥികളുടെ വ്യക്തിത്വത്തിന് പൂർണ വികാസം നേടുന്നതിനുള്ള ഏറ്റവും ഉചിതമായ വേദിയാണ് നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങളെന്നും എം. എ. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എൽദോസ് എ. വൈ, ഡോ. ഫെബാ കുര്യൻ എന്നിവർ പറഞ്ഞു.