കോതമംഗലം: കുട്ടമ്പുഴ, കീരമ്പാറ, കോട്ടപ്പടി, കവളങ്ങാട് തുടങ്ങിയ വില്ലേജ് പരിധിയിൽ വന്യമൃഗ ശല്യം മൂലം ജനജീവിതം ദുഷ്കരമാകുന്നതായി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. പ്രശ്നത്തിന് പരിഹാരമായി ജനവാസ മേഖലയിൽനിന്ന് ആനകളെ കാടുകളിലേക്ക് തുരത്തി അയച്ചതിനുശേഷം ഫെൻസിംഗ് നടപടികൾ പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വനം അതിർത്തിയായി വരുന്ന മേഖലകളിൽ ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് ഫോറസ്റ്റ് അധികൃതരിൽനിന്നും എൻ.ഒ.സി ലഭിക്കുവാനുള്ള തടസ്സം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊച്ചി-തേനി ദേശീയപാതയുടെ കോതമംഗലം നഗരസഭ, കവളങ്ങാട് പഞ്ചായത്ത് പരിധിയിലെ അശാസ്ത്രീയമായ രീതിയിലുളള നിർമ്മാണംമൂലം അപകടങ്ങൾ ഉണ്ടാകുന്നു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നത്, കുടിവെളള പൈപ്പുകൾക്ക് നാശം സംഭവിക്കുന്നത്. ഡ്രൈനേജ് നിർമ്മാണം എന്നീ വിഷയങ്ങൾ രൂക്ഷമായി തുടരുന്നതിനാൽ അടിയന്തിരമായി പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറോട് അഭ്യർത്ഥിക്കുന്നതിനും യോഗം തീരുമാനിച്ചു.
സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി ജനങ്ങളുടെ യാത്രാ സൌകര്യം അവിചാരിതമായി തടസ്സപ്പെടുത്തുന്നതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. വിഷയത്തിൽ നിയമ പ്രകാരമുളള നടപടികൾ സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. വിവിധ റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെനന്നും യോഗം നിർദ്ദേശിച്ചു
കന്നി – 20 പെരുന്നാൾ ഹരിത പ്രോട്ടോകോൾ പാലിച്ച് ഭംഗിയായി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സമയോചിതമായ നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു മുൻസിപ്പൽ ചെയർമാൻ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ എം .അനിൽ കുമാർ , തഹസിൽദാർ (ഭൂരേഖ) എം. മായ , ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, കോതമംഗലം മുൻസിപ്പൽ വികസന സ്ഥിരം സമിതി ചെയർമാൻ കെ.എ നൗഷാദ്, പഞ്ചായത്ത് പ്രസിഡണ്ട്മാരായ മാമച്ചൻ ജോസഫ്, മിനി ഗോപി, പി.കെ ചന്ദ്രശേഖരൻ നായർ, ശ്രീ.പി.ടി ബെന്നി, നേതാക്കളായ
എം.എസ് എൽദോസ്, ബേബി പൗലോസ്, എ.ടി പൗലോസ്, സാജൻ അമ്പാട്ട്, ആന്ററണി പുല്ലൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.