കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ മത്സരത്തിന് എം എ എൻജിനീയറിങ് കോളജിൽ തുടക്കമായി. കോളേജിലെ ഐ ട്രിപ്പിൾ ഇ സ്റ്റുഡൻ്റ്സ് ചാപ്റ്റർ അഞ്ചാമത് തവണ നടത്തുന്ന ഹാക്കത്തോൺ മത്സരം ടി സി എസ് എഐ ക്ലൗഡ് യൂണിറ്റിലെ ലീഡ് ജോബി ജോസഫ് ഉൽഘാടനം ചെയ്തു. പ്രശ്ന പരിഹാരത്തിനു ടെക്നോളജി ഉപയോഗപെടുത്തിയുള്ള നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത്തരം ഹാക്കത്തോണുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ നടത്തപ്പെടുന്ന ഹാക്കത്തോണിന് പ്രാരംഭ മത്സരത്തിൽ പങ്കെടുത്ത നൂറ്റിനാൽപത്തി മൂന്ന് ടീമുകളിൽ നിന്ന് നാൽപ്പത് ടീമുകളെയാണ് കോളജിൽ നടക്കുന്ന മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്.
യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നിന്നുള്ള ആറ് പ്രാഥമിക ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രശ്നങ്ങളെയാണ് ഈ വർഷത്തെ പതിപ്പിൽ അവതരിപ്പിക്കുന്നത്. വ്യാവസായിക ഉപദേഷ്ടാക്കളുടെ മാർഗ്ഗനിർദ്ദേശത്തോടെ, ടീമുകൾ നൂതനമായ പരിഹാരങ്ങൾ കണ്ടുപിടിക്കും. ഉത്ഘാടനയോഗത്തിൽ ഇലക്ട്രിക്കൽ വിഭാഗം ഹെഡ് ഡോ. സിനി പോൾ, എം സി എ വിഭാഗം ഹെഡ് പ്രോഫ. ബിജു സ്കറിയ, ഐ ട്രിപ്പിൾ ഇ ബ്രാഞ്ച് കൗൺസിലർ പ്രൊഫ. നീതു സലീം, സ്റ്റുഡൻ്റ് ബ്രാഞ്ച് ചെയർ ഹന്ന എൽസ ജോൺ, പ്രോഗ്രാം ലീഡ് കോളിൻ ജിമ്മി,കെ പി അനാമിക എന്നിവർ പ്രസംഗിച്ചു.
ഉത്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന പ്രൊജക്ട് എക്‌സ്‌പോയിൽ വിദ്യാർത്ഥികൾ വിവിധ നൂതന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.