കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
തുടർച്ചയായ കനത്ത മഴയെ തുടർന്ന് പാച്ചാംപള്ളി തോട് മുതൽ തളരംപഴം മരം വരെ രണ്ട് കിലോമീറ്റർ റോഡ് കുത്തിയൊലിച്ചു പോവുകയായിരുന്നു. പൂയംകുട്ടിക്കു സമീപം ബ്ലാവന കടവിൽ നിന്ന് ജങ്കാറിൽ പുഴ വട്ടം കടന്ന് 14 കിലോമീറ്റർ ദുർഘട കാട്ടുപാതയിലൂടെ ജീപ്പിൽ സഞ്ചരിച്ചാണ് തേര കുടിയിലെത്തുന്നത്.
ശ്വാസം മുട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മയെ പാച്ചാംപള്ളി തോട് വരെ ജീപ്പിലെത്തിച്ച ശേഷം മരക്കമ്പുകൾ കൊണ്ട് കെട്ടി ഉണ്ടാക്കി അതിൽ കിടത്തി രണ്ട് കിലോമീറ്ററോളം ചുമന്നാണ് വീട്ടിലെത്തിച്ചത്. ദുർഘട കാട്ടുപാതയുടെ പല ഭാഗങ്ങളും തകർന്നാണ് കിടക്കുന്നത്.
ആശുപത്രിയിൽ പോകുന്നതിനും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനു മൊക്കെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായ ഈ വഴി നന്നാക്കുന്നതിന് എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് ഊരുമൂപ്പൻ ലക്ഷമണൻ സവർണ്ണൻ പറഞ്ഞു.