കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനം കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് ലഭിച്ചു. ഇന്ത്യയിൽ ആകമാനമുള്ള കോളേജുകളിൽനിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളേജ് ഇടം നേടുന്നത്. 2021 മുതൽ തുടർച്ചയായി നിർഫ് കോളേജ് റാങ്കിംഗിൽ യഥാക്രമം 56,86, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചു. 87 ൽ നിന്ന് 74 ലേക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞതു മാർ അത്തനേഷ്യസ് കോളേജിൻ്റെ നേട്ടത്തിനു തിളക്കം കൂട്ടുന്നു.
മാർ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ നിരവധിയാണ്. 2002 ൽ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത് പോട്ടെഷ്യൽ ഫോർ എക്സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017ൽ A + ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ദേശീയ പുരസ്‌കാരങ്ങളും,ആറ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കോളേജിന് ഉണ്ട്. പലതുള്ളി അവാർഡ് (2007), National Environmental Awareness Award (2008), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്ട് , വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ( 2020 -21 ) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് ( 2022 )മനോരമ ട്രോഫി (2019 , 2021) എന്നിവ അക്കൂട്ടത്തിൽ പ്രധാനമാണ്. കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിൻ്റേത്.
നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.
2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , എന്നിവരും മാർ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.
2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും,ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉൾപ്പെടെ 18 പിജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും ഇപ്പോൾ കോളേജിൽ ഉണ്ട്. റഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു. 2016-17 ൽ മാർ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 2032 അദ്ധ്യയനവർഷം വരെ മഹാത്മാഗാന്ധി സർവ്വകലാശാല അനുവദിച്ചു.
നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപക-അനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ നേട്ടം എന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അഭിപ്രായപ്പെട്ടു.