കാക്കനാട് : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തിൻ്റെ മികവിൽ നിൽക്കുന്ന, ഇന്ത്യയിൽ തന്നെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങും ഒട്ടോണമസ് വാഹന ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ റോഷ് എ ഐ യും പരസ്പര സഹകരണത്തിനായി ധാരണപത്രം ഒപ്പുവച്ചു. കാക്കനാട് വച്ച് നടന്ന ചടങ്ങിൽ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസും റോഷ് എ ഐ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. റോഷി ജോണും ധാരാളമാ പത്രം ഒപ്പുവച്ച് പരസ്പരം കൈമാറി. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി കോളേജിൽ നടന്നുവരുന്ന ഗവേഷണങ്ങൾക്ക് ഈ സഹകരണം പുതിയ ദിശ നൽകുമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
യുജിസിയുടെ ഓട്ടോണമസ് പദവി ലഭിച്ച കോളേജ്, വ്യവസായ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് തങ്ങളുടെ പാഠ്യപദ്ധതി പരിഷ്കരിക്കാനും അതുവഴി വിദ്യാർഥികൾക്ക് നൂതനമായ വിഷയങ്ങൾ പഠിക്കുന്നതിനും അവസരം ഒരുക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്ക്, റോഷ് എ ഐ യുമായി സഹകരണം ഏറെ പ്രയോജനകരമാകും എന്ന് പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യു ജോസ് കൂട്ടിച്ചേർത്തു. ഈ സഹകരണം വഴി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യവസായ രംഗത്തെ പ്രമുഖരോട് ചേർന്ന് പ്രവർത്തിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ അറിവും വൈദഗ്ധ്യവും നേടുന്നതിനും അവസരമൊരുക്കും. ഇത്തരം സഹകരണങ്ങൾ നൂതന സാങ്കേതികവിദ്യയായ എ ഐ. , ഡാറ്റ അനലിറ്റിക്സ്, സോഫ്റ്റ്‌വെയർ വികസനം, വാഹന നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലികൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കും.