കോതമംഗലം: നേര്യമംഗലം വനാന്തരത്തിലെ പട്ടിശേരിമുടിയില്‍ കനത്തമഴയില്‍ വന്‍ പാറ തകര്‍ന്ന് താഴേക്ക് പതിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് പാറ തകര്‍ന്നതെന്നാണ് വനം വകുപ്പ് അധികൃതരില്‍നിന്ന് ലഭിച്ച വിവരം. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. വനത്തിനുള്ളിലെ സംഭവം പുറംലോകമറിഞ്ഞത് ഇന്നലെയാണ്. നേര്യമംഗലത്തുനിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാറി ഉള്‍വനത്തില്‍ മലയുടെ മുകള്‍ ഭാഗത്ത് പടിഞ്ഞാറെ ചരുവിലാണ് പാറ അടര്‍ന്ന് വീണത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മലയുടെ താഴ്ചചയിലേക്ക് പതിച്ച പാറക്കല്ലുകളും മണ്ണും മരങ്ങളുമെല്ലാം ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് കിടക്കുന്നത്. രൂപപ്പെട്ട ചാലിലൂടെ അതിശക്തമായി വെള്ളവും താഴേക്ക് ഒഴുകിയെത്തിയിരുന്നു.
മാമലകണ്ടം കൊല്ലപ്പാറയില്‍ ഇതേ ദിവസം വനത്തില്‍ ഉരുള്‍പ്പൊട്ടി കൃഷിയിടത്തിന് നാശം സംഭവിച്ചിരുന്നു. ചെറിയ ഉരുള്‍പ്പൊട്ടലായതുകൊണ്ടാണ് ആഘാതം കുറഞ്ഞത്.
കനത്ത ചൂടില്‍ വിണ്ടുകീറിയ പാറയിടുക്കില്‍ ശക്തമായ മഴയില്‍ വെള്ളം കെട്ടിനിന്നുണ്ടായ പ്രതിഭാസമാണ് പാറ തകരാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. മലമുകളില്‍നിന്ന് ഒഴുകിയെത്തിയ വെള്ളം കിലോമീറ്റര്‍ അപ്പുറത്തുള്ള പിണവൂര്‍കുടി ഗിരിവര്‍ഗ മേഖലയിലെ ഉരുളന്‍തണ്ണി തോട്ടിലെത്തിയതിനാല്‍ സംഭവ ദിവസം ഇവിടെ ജലനിരപ്പ് ഉയര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. സംഭവത്തിന് ശേഷം നേര്യമംഗലം ടൗണ്‍ വില്ലാംചിറ ഭാഗത്തുനിന്നാല്‍ കിലോമീറ്ററുകള്‍ അകലെയായി മലമുകളില്‍ പാറ അടര്‍ന്നുണ്ടായ ചാലുകള്‍ കാണാം.