കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകാനുള്ള വില്ലേജുകളിലൊന്നായ നേര്യമംഗലം വില്ലേജിലെ സർവ്വേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ പി സ്കൂളിന്റെ സമീപത്ത് നിന്നും ആരംഭിച്ച സർവ്വേ നടപടികൾ ആന്റണി ജോൺ എം എൽ എ തുടക്കം കുറിച്ചു. നേര്യമംഗലം ഉൾപ്പെടെ താലൂക്കിലെ വിവിധ വില്ലേജുകളിൽ 5000 ത്തിലേറെ പട്ടയങ്ങൾ നൽകാനുള്ള നടപടികൾക്കാണ് ഇപ്പോൾ തുടക്കമായിട്ടുള്ളത്. നേര്യമംഗലത്ത് മാത്രമായി ആയിരത്തി അഞ്ഞൂറിലേറെ കൈവശക്കാർ പട്ടയത്തിനായി കാത്ത് നിൽക്കുന്നുണ്ട്. ഇവർക്കടക്കം താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു. ഇതിനായി കോതമംഗലത്ത് സ്പെഷ്യൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമ്മാരായ ലിസി ജോർജ്,ജിൻസി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,സ്പെഷ്യൽ തഹസിൽദാർ സജീവ് ആര്‍,ഡെപ്യൂട്ടി തഹസിൽ ദാർ ജെയ്സൺ മാത്യു, എം പി ഐ ചെയർമാൻ ഇ കെ ശിവൻ, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം പി എം ശിവൻ,കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്,മുൻ പഞ്ചായത്ത് മെമ്പർ എബി മോൻ മാത്യു,അജി കെ കെ,സർവേയർമാരായ അബ്‌ദുൾ സലാം, സജീഷ് എം വി എന്നിവർ സന്നിഹിതരായിരുന്നു.