Connect with us

Hi, what are you looking for?

NEWS

മഴുവന്നൂർ, പുളിന്താനം പള്ളികളിൽ വിധി നടപ്പാക്കാനായില്ല; പൊലീസ് പിൻവാങ്ങി

കോതമംഗലം: കോലഞ്ചേരി മഴുവന്നൂർ സെന്റ് തോമസ് പള്ളിയിലും കോതമംഗലം പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിലും കോടതി വിധി നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കം വിശ്വാസികളുടെ എതിർപ്പു മൂലം തടസ്സപ്പെട്ടു. മഴുവന്നൂരിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച വൈകിട്ട് 5നു പള്ളി കവാടത്തിൽ എത്തിയ പൊലീസ് ഇന്നലെ ഉച്ചയ്ക്ക് 11.45ന് പിൻവാങ്ങി. ഗേറ്റ് പൂട്ടിയിരുന്ന ചങ്ങല അഗ്നിരക്ഷാ സേന മുറിച്ചു മാറ്റുന്നതിനിടയിൽ പൊലീസുമായുള്ള ഉന്തിലും തള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാക്കോബായ സഭാ വിശ്വാസികളായ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 9.30ന് എഎസ്‌പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലാണു പൂട്ട് പൊളിച്ച് അകത്തു കയറാൻ ശ്രമം നടത്തിയത്. ഗേറ്റുകൾ ബന്ധിച്ച ചങ്ങലകൾ കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റിയെങ്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളുടെ ചെറുത്തുനിൽപിനെ തുടർന്ന് പൊലീസ് പിൻവാങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസ് എത്തുമ്പോൾ പ്രാർഥനയുമായി വിശ്വാസികൾ പള്ളിക്കകത്ത് ഉണ്ടായിരുന്നു. യാക്കോബായ സഭയുടെ മേഖല മെത്രാപ്പൊലീത്ത മാത്യൂസ് മാർ അപ്രേം, മാത്യൂസ് മാർ തിമോത്തിയോസ്, വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. ഇരുനൂറോളം പൊലീസുകാരെയും വിന്യസിച്ചു.

പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിൽ പ്രവേശിക്കാനുള്ള പൊലീസ് നടപടികൾക്കിടെ 2 സ്ത്രീകൾ കുഴഞ്ഞുവീഴുകയും മറ്റൊരാൾക്കു പരുക്കേൽക്കുകയും ചെയ്തു.പള്ളി ഓർത്തഡോക്സ് സഭയ്ക്കു കൈമാറണമെന്ന വിധി നടപ്പാക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറണമെന്നു ജൂലൈ 8നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണു പൊലീസ് സംഘം ഞായർ വൈകിട്ടു പള്ളിയിലെത്തിയത്.

യാക്കോബായ സഭാ വിശ്വാസികൾ പള്ളിയിൽ സംഘടിച്ചു ചെറുത്തുനിൽപു നടത്തി. ഇന്നലെ രാവിലെ കൂടുതൽ പൊലീസും റവന്യു അധികൃതരുമെത്തി പള്ളി ഏറ്റെടുക്കാൻ ശ്രമം തുടങ്ങി. വിശ്വാസികൾ അകത്തുനിന്നു ഗേറ്റ് പൂട്ടി പ്രതിരോധിച്ചു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ഗേറ്റ് മുറിച്ചു നീക്കാൻ ശ്രമം നടത്തി. സ്ത്രീകളും കുട്ടികളും ഗേറ്റിൽ കൈകോർത്തു പിടിച്ച് ഇതു തടഞ്ഞു. ഇതിനിടെ, കുഴഞ്ഞുവീണ ഏളേക്കാട്ട് ഗ്രേസി തങ്കച്ചൻ, കൊടക്കപ്പറമ്പിൽ കുഞ്ഞുമോൾ ബാബു, കൈക്കു പരുക്കേറ്റ അള്ളുങ്കൽ ലിസി വർഗീസ് എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. സ്ത്രീകളും കുട്ടികളും ചെറുത്തു നിന്നതോടെ പൊലീസ് പിൻവാങ്ങി. മൂവാറ്റുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, ഡിവൈഎസ്പി പി.എം. ബൈജു എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!