കോതമംഗലം: കീരമ്പാറ വനാതിര്‍ത്തി മേഖലയില്‍ ആനശല്യത്തെ പ്രതിരോധിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന ഫെന്‍സിംഗ് അശാസ്ത്രീയമെന്ന് ആരോപണം. കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയില്‍ പെരിയാര്‍ കടന്ന് ചേലമലയില്‍ തമ്പടിച്ചെത്തുന്ന ആനകളെ പ്രതിരോധിക്കാനായി എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് (തൂക്കുവേലി) സ്ഥാപിക്കാനായി നബാര്‍ഡ് 80 ലക്ഷം രൂപയാണ് അനുവദിച്ച് ടെന്‍ഡറായിട്ടുള്ളത്. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിങിന്റെ അവസ്ഥ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. പലയിടത്തും ഒരു മാസം പോലും ആയുസില്ലാത്ത ഫെന്‍സിങ് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകുക. പുന്നേക്കാട് മേഖലയില്‍ കളപ്പാറ, കൂരികുളം, വെള്ളംക്കെട്ടുചാല്‍, തെക്കുംമ്മേല്‍, സിഗ്‌നല്‍ സ്റ്റേഷന്‍, കൈതകണ്ടം, ഓടപ്പനാല്‍, കൃഷ്ണപുരം എന്നിവിടങ്ങളിലെല്ലാം ആനകള്‍ എത്തുന്ന പ്രദേശമാണ്. തട്ടേക്കാട് റോഡില്‍ പുന്നേക്കാട് കവല കഴിഞ്ഞ് ആന എത്തിയ ഭാഗം മുതല്‍ വനാതിര്‍ത്തിയില്‍ റോഡിനോട് ചേര്‍ന്നും വീടുകള്‍ക്ക് മുന്നിലൂടെയും ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള വനം വകുപ്പ് തീരുമാനത്തെ പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം എതിര്‍ത്തു.
പെരിയാര്‍ കടന്നെത്തുന്ന ആനകളെ പ്രതിരോധിക്കാന്‍ ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചതുകൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ആനത്താരകളിലും പെരിയാര്‍ തീരത്തും തടയുകയാണ് വേണ്ടത്. നാലര ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനത്തിന് അകത്തും പുറത്തുമായി ഫെന്‍സിംഗ് സ്ഥാപിച്ചാല്‍ ആന എത്തുകയും ജനത്തിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയുമാണ് ഉണ്ടാകുക. കൂരികുളം തോട് ഭാഗം മുതല്‍ ഭൂതത്താന്‍കെട്ട് തോട്ടപ്പുരം ഭാഗം വരെ 11 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനായിരുന്നു ജനജാഗ്രതാ സമിതി യോഗത്തിലെ തീരുമാനം. പഞ്ചായത്ത് അധികാരികളും വനം വകുപ്പ് അധികൃതരും ചേര്‍ന്നുള്ള സമിതി എടുത്ത തീരുമാനത്തെ അട്ടിമറിക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. ഇപ്പോഴത്തെ തീരുമാനപ്രകാരമുള്ള ഫെന്‍സിംഗ് ഗുണത്തേക്കാളേറെ ദോഷകരമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ആന പുഴ കടന്നെത്തുന്നത് തടയുകയാണ് വേണ്ടത്.