കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ 22 സ്‌കൂളുകളിൽ നിന്നുള്ള 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ 42 ടീമുകളെ ഉൾപ്പെടുത്തി പ്രാഥമിക റൗണ്ടോടെയാണ് ക്വിസ് മത്സരം ആരംഭിച്ചത്. 42 ടീമുകളിൽ നിന്ന് മികച്ച 15 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്‌കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.
സ്റ്റാറ്റ്ക്വെസ്റ്റ്-2024 വിജയിക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രൊഫ. സുധ വി., പ്രൊഫ. രാജലക്ഷ്മി മെമ്മോറിയൽ’ എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. മൂന്നാം സമ്മാനം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ എച്ച്എസ്എസ് കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കായി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് പഠിച്ചാലുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ച് 2022-2025 ബാച്ച് മൂന്നാം വർഷ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് കോഴ്‌സിലെ വിദ്യാർത്ഥികൾ ക്ലാസ്സ് എടുത്തു.അധ്യാപകരായ ഡോ. ജിറ്റോ ജോസ്, ഡോ. നിധി പി രമേശ്, ആരതി ടി. എസ് എന്നിവർ നേതൃത്വം നൽകി