കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ ഏകദിന ചലച്ചിത്രമേള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഹാളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും പ്രശസ്ത ക്യാമറമാനുമായ മനേഷ് മാധവൻ ഉദ്ഘാടനം നിർവഹിച്ചു . കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, സുമംഗല ഫിലിം സൊസൈറ്റിയുമാണ് തനിക്ക് സിനിമയിലേക്ക് വഴികാട്ടിയായെതെന്ന് മനേഷ് തന്റെ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.അകിര കുറസോവ സംവിധാനം നിർവഹിച്ച ജപ്പാൻ ചിത്രമായ ഡ്രീംസ്,ജയരാജ് സംവിധാനം നിർവഹിച്ച് രഞ്ജിപണിക്കർ, ആശ ശരത്ത് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ഭയാനകം,ടോം ടൈക്കറുടെ ജർമ്മൻ ആക്ഷൻ, ത്രില്ലർ ചിത്രം റൺ, ലോല റൺ, സ്റ്റീവൻ സ്പിൽബർഗ് ചിത്രമായ ഷിൻഡ്ലേഴ്‌സ് ലിസ്റ്റ് എന്നീ നാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് .
കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നാൽപത്തിയെട്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നല്ല സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചലച്ചിത്ര പ്രദർശനം നടത്തിയത്. പ്രസിഡന്റ് ആന്റണി പുളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ. ഒ. കുര്യാക്കോസ് സ്വാഗതവും , ടി. ഇ. കുര്യൻ,പി എൻ സജി,എം. രാമചന്ദ്രൻ,എസ് ഉദയൻ,കെ. പി. മോഹനൻ, ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ ഷാജി എന്നിവർ സംസാരിച്ചു.