കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ഈ വർഷം 443.87 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായും, നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പി പ്രസാദ് നിയമസഭയിൽ അറിയിച്ചു. 2024 ഇതുവരെ മണ്ഡലത്തിൽ ഉണ്ടായിട്ടുള്ള വരൾച്ചയിലും, പേമാരിയിലും,കാല വർഷ കെടുതിയിലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ സംബന്ധിച്ചും നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നത് സംബന്ധിച്ചും എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കവളങ്ങാട്, കീരംപാറ, കോതമംഗലം,കോട്ടപ്പടി,കുട്ടമ്പുഴ,നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി തുടങ്ങിയ കൃഷിഭവനുകളിൽ കീഴിൽ 443.87 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്.കർഷകർക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ബഡ്ജറ്റിൽ 750 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി പി പ്രസാദ് നിയമസഭയിൽ അറിയിച്ചു.