കോതമംഗലം : അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും തുടർപഠനവും പഠന പിന്തുണയും നൽകുന്നതിന് വിദ്യാഭ്യാസ സർവ്വേയും വിദ്യാഭ്യാസ അവകാശ ബോധവത്ക്കരണ കാമ്പയിനും പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് തുടക്കമായി .സമഗ്ര ശിക്ഷ കേരള കോതമംഗലം ബി ആർ സി യുടെ കീഴിൽ അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന പിണ്ടിമന പഞ്ചായത്തുതല സ്പെഷ്യൽ എഡ്യൂക്കേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളുടെ വീടുകളിൽ സർവ്വേയും ബോധവത്ക്കരണവും നടത്തുന്നത് .
പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ അദ്ധ്യക്ഷനായി. യുപി സ്വദേശിനി, എഡ്യൂക്കേഷൻ വൊളൻ്റിയർ അർഷി സലിം വീടുകളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലാലി ജോയി ,എസ് എം അലിയാർ ,സിജി ആൻ്റണി എന്നിവർ പ്രസംഗിച്ചു. പിണ്ടിമന ക്ലസ്റ്റർ കോർഡിനേറ്റർ ഇ വി രാജി, പിണ്ടിമന അത്താണിക്കൽ യുപി സ്കൂൾ അധ്യാപിക ബിന്ദു രാജൻ, വിദ്യവൊളൻ്റിയർ എം അശ്വതി ടീച്ചർ,ഷിംന റഷീദ് എന്നിവർ സർവ്വേയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്തിൽ 200 ലേറെ അഥിതി തൊഴിലാളികൾ താമസിക്കുന്നു.
ഇവരിൽ കുടുംബങ്ങളായി താമസിക്കുന്നവരിലെ സ്കൂളിൽ പോകാൻ പ്രായമായ കുട്ടികളെ കണ്ടെത്തി അതാത് പ്രദേശത്തെ വിദ്യാലയങ്ങളിൽ ചേർത്തിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് അറിവില്ലാത്തതും മാതാപിതാക്കൾക്ക് വിദ്യാഭ്യാസമില്ലാത്തതും പകൽ സമയം കുട്ടികളെ നോക്കാൻ വീട്ടിൽ ആളില്ലാത്തതും മാതാപിതാക്കളോടൊപ്പം പണിസ്ഥലത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നതും സ്ഥിരമായി ഒരിടത്ത് താമസിക്കാത്തതും ഇടയ്ക്കിടയ്ക്ക് സ്വന്തം സംസ്ഥാനത്തേക്ക് പോകുന്നതും വിദ്യാലയങ്ങളിൽ നിന്നും അഥിതി തൊഴിലാളികളുടെ കുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് കാരണമാകുന്നു .
മലയാള ഭാഷ സംസാരിക്കാനും എഴുതാനും ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും . സ്പെഷ്യൽ എഡ്യൂക്കേഷൻ സെൻ്ററിൽ പ്രത്യേക പരിശീലനം നൽകുന്നു .ഉത്തർപ്രദേശ് ,ബീഹാർ ,വെസ്റ്റ് ബംഗാൾ ,അസം എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് സെൻ്ററിലുള്ളത് .