കോതമംഗലം : പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ ഈ വർഷം 50 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. കീരമ്പാറ പഞ്ചായത്തിലെ കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ പൂർത്തീകരിച്ച പ്രവർത്തികളെ സംബന്ധിച്ചും, ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും,ഹാച്ചറിയുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന നിലയിൽ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ കീരമ്പാറ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷീസ് ഇക്കോ ഹാച്ചറിയില്‍ (കൂരികുളം മള്‍ട്ടി സ്പീഷീസ് ഇക്കോ ഹാച്ചറി) നബാര്‍ഡിന്റെ RIDF -Tranche XXV പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എസ്റ്റിമേറ്റ് അനുസരിച്ച് നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെ 24 നഴ്സറി കളങ്ങള്‍ (20mX10mX1.8m ) പൂര്‍ത്തിയായിട്ടുണ്ട്. ഇവയുടെ വൈദ്യുതീകരണവും, എയറേഷന്‍ വര്‍ക്കുകളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
മാതൃ മത്സ്യങ്ങളെ (Brood fish ) പാര്‍പ്പിക്കുന്ന രണ്ട് കുളങ്ങളില്‍ (36mX20mX1.8m) ഒന്നിന്റെ പ്രവര്‍ത്തനം ഭാഗീകമായി പൂര്‍ത്തിയായിട്ടുണ്ട്.ഹാച്ചറിയിലേക്കുള്ള 400 മീറ്റര്‍ ഇന്റര്‍ ലോക്ക് റോഡ് പൂര്‍ത്തിയായിട്ടുണ്ട്.
ഹാച്ചറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നബാര്‍ഡിന്റെ ധന സഹായത്തോടെ ഇറിഗേഷന്‍, ഫിഷറീസ് എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് നടത്തുന്നത്.
ഹാച്ചറിയില്‍ 24 നേഴ്സറി കളങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഭാഗികമായി മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനം തുടങ്ങാനും എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം, ആലപ്പുഴ മുതലായ ജില്ലകളിലെ സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും കൂടാതെ പൊതുജനങ്ങള്‍ക്കും മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2023-24 വര്‍ഷത്തില്‍ 20 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ഹാച്ചറിയില്‍ പരിപാലിച്ച് ലഭ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2024-25 -ലെ ഉത്പാദന ലക്ഷ്യം 50 ലക്ഷം ആണ്.ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.