പെരുമ്പാവൂർ: ടൗൺ ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യ അവലോകന യോഗമാണ് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ ചേർന്നതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആർബിഡിസികെ, റൈറ്റ്സ് പ്രതിനിധികൾ, കരാറുകൾ എന്നിവരുടെ സംയുക്തക യോഗമാണ് നടന്നത്.
നിർമാണം ആരംഭിച്ചത് മുതലുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തരും, തുടർന്ന് നടപ്പിലാക്കേണ്ട പ്രവർത്തികളുടെ ഷെഡ്യൂളുകളും യോഗത്തിൽ വിലയിരുത്തി. നിയമസഭാ സമ്മേളനത്തിനു ശേഷം പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ തിയതി കൂടി ലഭ്യമായതിന് ശേഷം ഔദ്യോഗികമായി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
പദ്ധതിക്കായി ലെവൽസ് എടുക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ശേഷം നിരപ്പാക്കി മണ്ണ് നിരത്തുന്ന പ്രവൃത്തി ആരംഭിക്കുമെന്ന് കരാറുകർ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ പദ്ധതി പ്രദേശത്ത് വെള്ളക്കെട്ട് ഉള്ളതുകൊണ്ട് മണ്ണ് നിരത്തുന്ന ജോലികൾക്ക് മാത്രം ആയിരിക്കും കാലതാമസം നേരിടുന്നതെന്ന് യോഗം വിലയിരുത്തി. തുടർന്നുവരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. 2025 ഏപ്രിൽ മാസത്തോടുകൂടി നിർമ്മാണം പൂർത്തിയാക്കി ഒന്നാം ഘട്ടം നാടിനു സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലുവ മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്നും ആരംഭിച്ചു പഴയ മൂവാറ്റുപുഴ റോഡിൽ കാഞ്ഞിരമുക്ക് പാലത്തിന് സമീപമാണ് ആദ്യ ഘട്ട പ്രവൃത്തി അവസാനിക്കുന്നത്. 24 കോടി രൂപയാണ് ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. മരുത് കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയുള്ള മേഖലയിലാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 60 പേരുടെ ഭൂമിയാണ് പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിന് വേണ്ടി മാത്രം ഏറ്റെടുത്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 1.5 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 23 മീറ്റർ നീളം റോഡിന് ഉണ്ടാകും.
2016 ലെ സംസ്ഥാന സർക്കാർ ബജറ്റൽ പ്രഖ്യാപിച്ച 17 ബൈപ്പസുകളിൽ കേരളത്തിൽ തന്നെ ഏറ്റവും വേഗത്തിൽ സ്ഥലം ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയായി നിർമാണം ആരംഭിച്ചത് പെരുമ്പാവൂർ ബൈപ്പാസിന് മാത്രമാണ് എംഎൽഎ അറിയിച്ചു.
ബൈപ്പാസിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അനുമതി ലഭ്യമായി.
ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി യോഗത്തിൽ ആർബിഡിസികെ പ്രൊജക്റ്റ് എൻജിനീയർ നസീം ബാഷ, റൈറ്റ്സ് പ്രതിനിധി എസ് എസ് ഷോബിക് കുമാർ, കരാറുകാരൻ രാജേഷ് മാത്യു, പ്രോജക്ട് എൻജിനീയർ മുഹമ്മദ് ഫൈസൽ, തോമസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.