കോതമംഗലം : പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മാർ തോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ.ജോസ് പരത്തുവയലിൽ കൊടികയറ്റി. തുടർന്ന് സന്ധ്യാ നമസ്കാരവും ആശീർവ്വാദവും ഉണ്ടായിരുന്നു. പ്രധാന പെരുന്നാൾ ദിനമായ ഇന്ന് (ജൂലൈ 3 ബുധനാഴ്ച) രാവിലെ 6.30 പ്രഭാത നമസ്ക്കാരം, 7.15 ന് വി. മുന്നിന്മേൽ കുർബ്ബാന, പ്രസംഗം, പള്ളിയുടെ പടിഞ്ഞാറ് വശത്ത് മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മോർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവ്വാദം, പാച്ചോർ നേർച്ച എന്നീ തിരുകർമ്മങ്ങൾ നടത്തും.
പെരുന്നാൾ ശുശ്രൂഷകൾക്ക് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരിക്കൊപ്പം സഹ വികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ, പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ,ഏലിയാസ് വർഗീസ് കീരംപ്ലായിൽ, കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട്, സലിം ചെറിയാൻ മാലിയിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണംഞ്ചേരി, ഡോ. റോയി മാലിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും.