കോതമംഗലം: മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നത് സംബന്ധമായി നിലനിന്ന അനിശ്ചിതത്വം സൂചിപ്പിച്ച് വ്യാപാരി സംഘടനയായ സമിതി സംസ്ഥാന നേതാക്കൾക്കും കോതമംഗലം നഗരസഭക്കും നൽകിയ നിവേദനത്തിന് ഒരു പരിധി വരെ പരിഹാരമായി.തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ, പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 30.09.2024 വരെ ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.
വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസെൻസ് പുതുക്കുന്നതിനുള്ള കാലാവധി സർക്കാർ ഉത്തരവ് പ്രകാരം 2024 ജൂൺ 30ന് അവസാനിക്കുമായിരുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ കെ സ്മാർട്ട് സംവിധാനം നടപ്പാക്കിയതിനാൽ ഒട്ടേറെ സാങ്കേതിക ബുദ്ധിമുട്ടുകൾ വ്യാപാരികൾ അനുഭവിക്കുന്നുണ്ട്. ആയതിനാൽ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി മൂന്ന് മാസം കൂടി ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമിതി ജില്ല,സംസ്ഥാന ഭാരവാഹികൾക്കും നഗരസഭാ ചെയർമാൻ മുൻപാകെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി നിവേദനം സമർപ്പിച്ചിരുന്നു.
സമിതി ഏരിയ പ്രസിഡൻ്റ് എം യു അഷ്റഫ് എരിയ സെക്രട്ടറി കെ എ നൗഷാദ് ജില്ലാ അംഗങ്ങളായ കെ എം പരീത്, പി എച്ച് ഷിയാസ്, കെ എ കുര്യാക്കോസ് ടൗൺ യൂണിറ്റ് സെക്രട്ടറി സജി മാടവന എന്നിവർ നേതൃത്വം നൽകി. സമിതി
സംസ്ഥാന നേതാക്കൾ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും ഈ പ്രശ്നം ഉണ്ടെന്ന് ബോധ്യപെട്ടതിനാൽ ലൈസൻസ് പുതുക്കൽ കാലാവധി 3 മാസക്കാലത്തേക്ക് നീട്ടി വക്കുവാൻ ഉത്തരവായി.